കേരളത്തില്‍ കാള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിർദേശം നൽകി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

കേരളത്തില്‍ കാള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കാള്‍ഡ്രിഫ് സിറപ്പിന്റെ SR 13 ബാച്ചില്‍ ഗുരുതര പ്രശ്‌നം കണ്ടെത്തിയതായി പുറത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. അതിനാല്‍ സംസ്ഥാനത്തെ മരുന്നുകടകളിലും ആശുപത്രികളിലും ഈ സിറപ്പ് വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ല.
പ്രാഥമിക അന്വേഷണത്തില്‍ പ്രശ്‌നമുള്ള ബാച്ച് കേരളത്തില്‍ വിതരണം ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, മുന്‍കരുതലിന്റെ ഭാഗമായി കാള്‍ഡ്രിഫ് സിറപ്പിന്റെ മുഴുവന്‍ വിതരണവും വില്‍പനയും നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. കെ.എം.എസ്.സി.എല്‍ വഴിയും ഈ മരുന്ന് വിതരണം ചെയ്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
രാജസ്ഥാനിലും മധ്യപ്രദേശിലും ചുമമരുന്ന് കഴിച്ചതിനെ തുടര്‍ന്ന് 11 കുട്ടികള്‍ മരിച്ചതും, പലര്‍ക്കും വൃക്ക സംബന്ധമായ തകരാറുകള്‍ കണ്ടെത്തിയതും ആശങ്ക ഉയര്‍ത്തി. മരുന്ന് സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും, രാജസ്ഥാനില്‍ 1400-ഓളം കുട്ടികളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പുകള്‍ നല്‍കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശവും പുറത്തിറക്കിയിരുന്നു. തമിഴ്നാട് സര്‍ക്കാരും ഇതിനകം കാള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന നിർത്തിവെച്ചിട്ടുണ്ട്.
Tag: State Drugs Control Department has ordered a temporary suspension of the sale of Caldrif syrup in Kerala