നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. തിങ്കളാഴ്ചത്തേക്ക് മാറ്റി. നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയത്. നവംബർ മൂന്നിന് മൂന്നുമണിക്ക് തൃശൂരിൽ വച്ചാകും അവാർഡ് പ്രഖ്യാപനം. ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് തീയതിയിൽ മാറ്റം വരുത്തിയത്.
ഈ വർഷം 36 സിനിമകളാണ് അവസാന റൗണ്ടിൽ എത്തിയിരിക്കുന്നത്. മികച്ച നടനുള്ള വിഭാഗത്തിൽ മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ് എന്നിവരാണ് അവസാന മത്സരപ്പട്ടികയിൽ ഉള്ളത്. മമ്മൂട്ടി, ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയായി, അതുല്യമായ അഭിനയവുമായി ജൂറിയെ ആകർഷിച്ചു. അതേ സമയം ‘കിഷ്‌കിന്ധാകാണ്ഡം’ എന്ന ചിത്രത്തിലെ വിമുക്തഭടൻ അപ്പുപിള്ള എന്ന കഥാപാത്രമായാണ് വിജയരാഘവൻ ശക്തമായ എതിരാളിയായിരിക്കുന്നത്.
‘കിഷ്‌കിന്ധാകാണ്ഡം’ ‘ലെവൽ ക്രോസ്’ എന്നി സിനിമകളിലെ പ്രകടനങ്ങളിലൂടെ ആസിഫ് അലിയും ‘എ.ആർ.എം’ എന്ന ചിത്രത്തിൽ മൂന്നു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവിനോ തോമസും പുരസ്കാരത്തിനർഹതയുള്ള ശക്തമായ മത്സരാർത്ഥികളാണ്.
മികച്ച നടിയാവാൻ കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ, അനശ്വര രാജൻ, ജ്യോതിർമയി, സുരഭി ലക്ഷ്മി എന്നിവരാണ് മത്സരിക്കുന്നത്. കനി കുസൃതി, കാൻ ചലച്ചിത്രമേളയിൽ ഇന്ത്യയെ അഭിമാനപ്പെടുത്തിയ ‘All We Imagine as Light’ എന്ന ചിത്രത്തിലെ പ്രഭ എന്ന കഥാപാത്രമായി ശ്രദ്ധ നേടിയിട്ടുണ്ട്.
‘അനു’ ആയി ദിവ്യപ്രഭ, ‘രേഖാചിത്രം’ എന്ന ചിത്രത്തിലെ രേഖാ പത്രോസ് ആയി അനശ്വര രാജൻ, ‘ഫെമിനിച്ചി ഫാത്തിമ’യിലെ ഫാത്തിമ ആയി ഷംല ഹംസ എന്നിവരാണ് പ്രധാന എതിരാളികൾ.
ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായൊരു കാര്യമായി, നവാഗത സംവിധായകനുള്ള പുരസ്കാരത്തിനായി മോഹൻലാലും മത്സരരംഗത്തുണ്ട്.
മികച്ച ജനപ്രിയ ചിത്രങ്ങൾ വിഭാഗത്തിൽ മഞ്ഞുമ്മൽ ബോയ്സ്, ആവേശം, എ.ആർ.എം (അജയന്റെ രണ്ടാം മോഷണം), ഗുരുവായൂർ അമ്പലനടയിൽ, പ്രേമലു, വർഷങ്ങൾക്കുശേഷം, സൂക്ഷ്മദർശിനി, മാർക്കോ, ഭ്രമയുഗം, കിഷ്‌കിന്ധാകാണ്ഡം തുടങ്ങിയവയാണ് അവസാന പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പുരസ്കാര ജേതാക്കളെ നടൻ പ്രകാശ് രാജ് അധ്യക്ഷനായ ഏഴംഗ ജൂറിയാണ് തീരുമാനിക്കുന്നത്.
Tag: State Film Awards announcement scheduled for tomorrow has been postponed
 
				


