വിസി നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റിയിലേക്ക് പേരുകൾ നിർദേശിക്കാൻ സംസ്ഥാന സർക്കാർ; പത്ത് പേരടങ്ങിയ പട്ടിക തയാറാക്കി
കെടിയുവിലും ഡിജിറ്റൽ സർവകലാശാലയിലും വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റിയിലേക്ക് പേരുകൾ നിർദേശിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായി. പത്ത് പേരടങ്ങിയ പട്ടിക സർക്കാർ തയ്യാറാക്കിയിട്ടുണ്ട്, ഇന്ന് തന്നെ സുപ്രീം കോടതിയിൽ സമർപ്പിക്കാനാണ് സാധ്യത. സെർച്ച് കമ്മിറ്റിയുടെ പാനൽ നിർദേശിക്കണമെന്ന് ഗവർണറോടും സർക്കാരിനോടും കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. പട്ടിക ഇന്ന് തന്നെ നൽകണം എന്നും കോടതി നിർദേശിച്ചിരുന്നു.
എന്നാൽ ഗവർണർ, പട്ടിക സമർപ്പിക്കാനുള്ള സമയം നീട്ടി ആവശ്യപ്പെടാൻ പദ്ധതിയിടുന്നുവെന്നാണ് വിവരം. ഐഐടിയിലെ വിദഗ്ധരടക്കം 20 പേരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ സമ്മതം ലഭിച്ചതിന് ശേഷം അന്തിമ പട്ടിക തിങ്കളാഴ്ച കോടതിയിൽ നൽകാമെന്നാണ് ഗവർണറുടെ നിലപാട്.
വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റിയുടെ അംഗങ്ങളെ ഗവർണർക്കും സംസ്ഥാന സർക്കാരിനും നിർദേശിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
താൽക്കാലിക വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് സുപ്രീം കോടതി വാദം കേട്ടത്. ഗവർണർക്കെതിരായി സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് കോടതി നടപടികൾ പുരോഗമിക്കുന്നത്. ഗവർണർ സഹകരിക്കുന്നില്ലെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. സഹകരണം നേടാൻ പരമാവധി ശ്രമിച്ചുവെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും നടന്നില്ലെന്നാണ് അറ്റോർണി ജനറലിന്റെ ആരോപണം. നിലവിലെ ഗവർണറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നതാണ് സർക്കാരിന്റെ നിലപാട്.
Tag: State government to suggest names to search committee for appointment of VC; list of ten names prepared