സംസ്ഥാനത്ത് ഇന്നും സമ്പൂർണ നിയന്ത്രണം; ടിപിആർ കുറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള സമ്പൂർണ നിയന്ത്രണം ഇന്നും തുടരും. ആവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടി തുടരും. ഇന്നലെ മാത്രം അയ്യായിരത്തോളം പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.
ഹോട്ടലുകളിൽ നിന്നുള്ള ടേക്ക് എവേ / പാഴ്സലുകൾ അനുവദിക്കില്ല. ഭക്ഷണം ഹോം ഡെലിവറി ചെയ്യുന്നതിന് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. ഭക്ഷ്യോത്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യ-മാംസ വില്പന ശാലകൾ, ബേക്കറികൾ എന്നിവയ്ക്ക് രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം.
കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ തുടരാം. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഈ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കേണ്ടതാണെന്നും സർക്കാർ നിർദേശത്തിൽ വ്യക്തമാക്കുന്നു. നിലവിൽ ജൂൺ 16 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.
അതേസമയം, നിയന്ത്രണങ്ങൾ ഫലം കാണുന്നതായാണ് ടിപിആർ നിരക്ക് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം 1,08,734 സാമ്ബിളുകളാണ് പരിശോധിച്ചത്. ടിപിആർ 12.72 ആയി കുറഞ്ഞിട്ടുണ്ട്. ഇത് 10 ശതമാനത്തിന് താഴെ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.