സംസ്ഥാന സ്കൂൾ കായികമേള; തിരുവനന്തപുരം ചാമ്പ്യൻമാർ

സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം സ്വർണക്കപ്പ് നേടി ചാമ്പ്യൻമാരായി. 1825 പോയിന്റുമായി തിരുവനന്തപുരം ഓവറോൾ കിരീടം ഉറപ്പിച്ചു. 892 പോയിന്റ് നേടിയ തൃശ്ശൂർ റണ്ണറപ്പും, 859 പോയിന്റ് നേടിയ കണ്ണൂർ മൂന്നാം സ്ഥാനവും നേടി. ഓവറോൾ ചാമ്പ്യൻമാർക്കുള്ള പുരസ്‌കാരം ഗവർണർ സമ്മാനിച്ചു.
അത്ലറ്റിക്സിൽ മലപ്പുറം വിജയ പരമ്പര തുടർന്നു. അവസാന നിമിഷം വരെ ആവേശം നിറച്ച മത്സരത്തിൽ 4×100 മീറ്റർ റിലേയിലെ ആധിപത്യമാണ് മലപ്പുറത്തിനെ വിജയികളാക്കിയത്. ഒരു മീറ്റ് റെക്കോർഡടക്കം മൂന്നു സ്വർണം നേടിയ മലപ്പുറം 247 പോയിന്റ് നേടി ഒന്നാമതെത്തി. പാലക്കാട് 212 പോയിന്റോടെ രണ്ടാമതെത്തി.
സ്കൂൾ വിഭാഗത്തിൽ നാലാം വർഷവും മലപ്പുറത്തിലെ ഐഡിയൽ കടകശ്ശേരി ചാമ്പ്യന്മാരായി. 78 പോയിന്റാണ് അവരുടെ നേട്ടം. 13 കുട്ടികളുമായി മത്സരിച്ച വിഎംഎച്ച്എസ് വടവന്നൂർ 58 പോയിന്റ് നേടി രണ്ടാം സ്ഥാനവും, കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന നാവാമുകുന്ദ തിരുനാവായ മൂന്നാം സ്ഥാനവും നേടി.
മികച്ച സ്പോർട്സ് സ്കൂൾ കിരീടം 57 പോയിന്റോടെ ജിവി രാജയ്ക്ക്. ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണം നേടി പാലക്കാടിന്റെ നിവേദ്യ കലാധർ ട്രിപ്പിൾ സ്വർണം സ്വന്തമാക്കി. സീനിയർ പെൺകുട്ടികളുടെ വിലയിൽ സ്വർണം നേടിയ ആദിത്യ അജിക്ക് നാലു സ്വർണങ്ങളായി നേട്ടം. അടുത്ത സംസ്ഥാന സ്കൂൾ കായികമേള കണ്ണൂരിൽ നടക്കും.
Tag: State School Sports Festival; Thiruvananthapuram champions



