സംസ്ഥാന സ്കൂൾ കായികമേള; കിരീടമുറപ്പിച്ച് തിരുവനന്തപുരം

സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ കിരീടമുറപ്പിച്ച് തിരുവനന്തപുരം. അത്ലറ്റിക്സ് മത്സരങ്ങളിൽ പാലക്കാടും മലപ്പുറവും കടുത്ത പോരാട്ടത്തിലാണ്, ജില്ലകളിൽ ഇവരാണ് മുന്നിൽ. സ്കൂൾ വിഭാഗത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഐഡിയൽ കടകശ്ശേരി, പുല്ലൂരാംപാറയെ ഒരു പോയിന്റ് പിന്നിലാക്കി മുന്നേറ്റം നിലനിർത്തി.
1491 പോയിന്റോടെ തിരുവനന്തപുരം വ്യക്തമായ ലീഡ് സ്വന്തമാക്കി, 721 പോയിന്റുള്ള തൃശൂരിനെയും 623 പോയിന്റുള്ള പാലക്കാടിനെയും പിന്നിലാക്കി മുന്നേറുകയാണ്.
16 സ്വർണം ഉൾപ്പെടെ 134 പോയിന്റ് നേടി അത്ലറ്റിക്സിൽ പാലക്കാട് ഒന്നാമതെത്തി. മലപ്പുറം 12 സ്വർണം ഉൾപ്പെടെ 128 പോയിന്റ് നേടി രണ്ടാം സ്ഥാനത്താണുളളത്. സ്കൂൾ വിഭാഗത്തിൽ നാവാമുകുന്ദ തിരുനാവായ 38 പോയിന്റോടെ മൂന്നാമത്, സ്പോർട്സ് ഹോസ്റ്റലുകളിൽ ജി.വി.രാജ സ്പോർട്സ് ഹോസ്റ്റൽ ഒന്നാമതെത്തി. ഉച്ചയ്ക്കുശേഷം 17 ഫൈനലുകൾ കൂടി നടക്കാനിരിക്കുന്നു.
ഗെയിംസിലും അത്ലറ്റിക്സിലും തിളങ്ങിയതോടെ തിരുവനന്തപുരം എതിരാളികളെ ഏറെ പിന്നിലാക്കി പോയിന്റ് പട്ടികയിൽ മുന്നേറിയിരിക്കുന്നു.സമയക്കുറവ് മൂലം ഇന്നലെ മാറ്റിവെച്ച ത്രോ മത്സരങ്ങളും ഫുട്ബോൾ ഫൈനലും ഇന്ന് നടക്കും. ഫുട്ബോൾ ഫൈനലിൽ മലപ്പുറം–കോഴിക്കോട് ടീമുകൾ ഏറ്റുമുട്ടും. ഇതോടൊപ്പം കളരിപ്പയറ്റ് മത്സരങ്ങൾക്കും ഇന്ന് തുടക്കം കുറിക്കും.
Tag: State School Sports Festival; Thiruvananthapuram secures title



