ജലീലിന്റെ രാജിക്കായി സംസ്ഥാന വ്യാപകമായി പ്രതിഷേധം.

മന്ത്രി കെ. ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് എങ്ങും യുവജനസംഘടനകളുടെ പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എല്ലാ ജില്ലകളിലും നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ജലപീരങ്കിയും ഗ്രെനേഡും പ്രയോഗിച്ചു. വളാഞ്ചേരിയിലെ ജലീലിന്‍റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് റോഡില്‍ തടഞ്ഞു. തൃശൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ബി ഗോപാലകൃഷ്ണന് പരിക്കേറ്റു. പലയിടത്തും പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി.
സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പോലീസ് കണ്ണീർ വാതക പ്രയോഗവും നടത്തി. എന്നിട്ടും പിരിഞ്ഞുപോകാത്തവരെ നേരിടാനായി പോലീസ് നേരിയ തോതിൽ ലാത്തിച്ചാർജും നടത്തി. സെക്രട്ടറിയേറ്റ് പടിക്കൽ സംഘർഷാവസ്ഥ ഉച്ചക്ക് ശേഷവും തുടരുകയാണ്.
മന്ത്രിയുടെ വസതിയുടെ മുന്നിൽ ശനിയാഴ്ച പ്രതിഷേധം ഉണ്ടായി. കോരിച്ചൊരിയുന്ന മഴ വകവെയ്ക്കാതെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകൾ നടത്തി വരുന്നത്. യുവമോർച്ച യൂത്ത് ലീഗ് ഉൾപ്പെടെയുള്ളവരുടെ മാർച്ച് മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് കലക്‍ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കിയും ഗ്രെനേഡും പ്രയോഗിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. കമ്മീഷണര്‍ ഓഫീസിലേക്കാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. മന്ത്രിയുടെ തവനൂരിലെ വീട്ടിലേക്ക് യൂത്ത് ലീഗും യുവമോര്‍ച്ചയും പ്രതിഷേധ മാര്‍ച്ചും നടത്തി. തവനൂരിലെ എം.എല്‍എ ഓഫീസിലേക്കും പ്രഷേധ മാര്‍ച്ച് നടന്നു.
കൊല്ലം ജില്ലയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് നേരെയും ജലപീരങ്കി പ്രയോഗം നടന്നു. യുവമോര്‍ച്ചാ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശി. തൃശൂരില്‍ ബിജെപി നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ചിന് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എറണാകുളത്തും കണ്ണൂരും കോട്ടയത്തും പത്തനംതിട്ടയിലും പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുകയുണ്ടായി.
ശിവ ശങ്കറിനും ജയരാജനും മറ്റു ആളുകൾക്കും ബാധകമായ നിയമം മന്ത്രി കെ ടി ജലീലിനും ബാധകമല്ലേഎന്നും,
ഇക്കാര്യത്തിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും സർക്കാറും ആണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി മലപ്പുറത്ത് പറഞ്ഞു. യുഡിഎഫിന്റെ കാലത്ത് ആരും ഇങ്ങനെ തള്ളി പിടിച്ച് നിന്നിട്ടില്ല. എല്ലാവരും രാജി വെക്കുകയാണ് ചെയ്തത്.
മന്ത്രിയെ ചോദ്യം ചെയ്തത് ചെറിയ വിഷയത്തിൽ അല്ലെന്നും, ഗുരുതരമായ വിഷയത്തിലാണ് മന്ത്രിയെ ചോദ്യം ചെയ്തതെന്നും, കു ഞ്ഞാലികുട്ടി പറഞ്ഞു.
മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണമെന്നു കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എം.എൽ.എ.ആവശ്യപ്പെട്ടു. ജലീലിന്റെ ഇടപെടലുകൾ സംബന്ധിച്ച് കൃത്യമായൊരു അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുന്നില്ലെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.
‘കള്ളനെ പുറത്താക്കൂ ആദ്യം, എന്നിട്ട് തൊണ്ടിമുതൽ തേടി പോകൂ. തെളിവ് പുറത്തുവന്നു. അപ്പോൾ ആദ്യം മന്ത്രിയെ മാറ്റി നിർത്തി അന്വേഷണം നടക്കട്ടേ. എന്റെ അഭിപ്രായത്തിൽ മന്ത്രി തെറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ മാറ്റി നിർത്തണം. എന്നിട്ട് അന്വേഷിക്കണം നടത്തണം. യൂത്ത് കോൺഗ്രസ് വെള്ളിയാഴ്ച തന്നെ പ്രതിഷേധവുമായി രംഗത്തുണ്ട്. പക്ഷേ കൊവിഡിന്റെ കാലത്തായതുകൊണ്ട് പരിമിതികളുണ്ട്. ഞങ്ങളുടെ ഭാഗത്തുനിന്ന് നിരന്തര സമരങ്ങളുണ്ടാകും. ബി.ജെ.പി ഇതിനകത്ത് നടത്തുന്ന സമരങ്ങൾ വിശ്വസിക്കാൻ പ്രയാസമുണ്ട്.’ ഷാഫി പറമ്പിൽ പറഞ്ഞു.