സർക്കാർ സി.ബി.ഐയെ എതിർക്കുന്നത് വലിയ തീവെട്ടി കൊളളകൾ പുറത്തുവരുമെന്ന ഭയം മൂലം.

തിരുവനന്തപുരം/ സംസ്ഥാന സർക്കാർ സി.ബി.ഐയെ എതിർക്കുന്നത് അഴിമതി പുറത്തുവരുമെന്ന ഭയം കൊണ്ടാണെന്ന് വി.മുരളീധരൻ. നെടുങ്കണ്ടത്തെ രാജ്കുമാർ മരിച്ച സംഭവം, വയലിനിസ്റ്റ് ബാലഭാസ്‌ക്കർ മരിച്ച കേസ്, ചിറ്റാറിലെ മത്തായിയുടെ കേസ്, ജിഷ്‌ണു പ്രണോയ് കേസ് എന്നിവയെല്ലാം ഈ സർക്കാരാണ് സി.ബി.ഐക്ക് വിട്ടത്. എന്നാൽ കതിരൂർ മനോജ് കേസ് സി.ബി.ഐക്ക് വിടുന്നതിനെ സർക്കാർ ശക്തമായി എതിർത്തു. ഷുഹൈബ് വധം സി.ബി.ഐക്ക് വിട്ട കേസിനെ മുപ്പത്തിനാല് ലക്ഷം രൂപ ചെലവിട്ടാണ് സർക്കാർ എതിർക്കുന്നത്. പെരിയ ഇരട്ടക്കൊലപാതകത്തിലെ സി.ബി.ഐ അന്വേഷണം തടയാൻ സുപ്രീംകോടതി വരെ പോയിരിക്കുന്നു. ലൈഫ് മിഷനിൽ സർക്കാർ ഇപ്പോൾ പ്രതിരോധത്തിലാണ്. ഇതെല്ലാമാണ് സി.ബി.ഐയെ എതിർക്കാനുളള പ്രേരണയ്‌ക്ക് കാരണമെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാരിന്റെ വലിയ തീവെട്ടി കൊളളകൾ സ്വതന്ത്ര ഏജൻസികൾ അന്വേഷിച്ചാൽ പുറത്തുവരുമെന്ന് ഉറപ്പാണ്. ശാരദ ചിട്ടി തട്ടിപ്പും, അമരാവതി ഭൂമിയിടപാടും ഉൾപ്പടെയുളള കേസുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് സി.പി.എമ്മാണ്. രാഷ്ട്രീയ പ്രേരിതം എന്ന വാദം ഉപയോഗിച്ച് മലയാളികളെ വിഡ്ഢികളാക്കാനാകില്ലയെന്ന് മാർക്സിസ്റ്റ് പാർട്ടി മനസിലാക്കണമെന്നും, കേസുകളിൽ ഒരു തടസവും സൃഷ്‌ടിക്കാൻ സംസ്ഥാന സർക്കാരിന്റെ ഒരു തീരുമാനത്തിനും കഴിയുകയില്ലെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറയുകയുണ്ടായി.