CovidLatest NewsNationalNewsUncategorized

ആര്‍ടി-പിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണം; കോറോണയുടെ രണ്ടാം തരംഗ വ്യാപനത്തിന് സാദ്ധ്യതയെന്ന് പ്രധാനമന്ത്രി

ന്യൂ ഡെൽഹി: രാജ്യമാകെ കോറോണയുടെ രണ്ടാം തരംഗ വ്യാപനത്തിന് സാദ്ധ്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വ്യാപനം ഉടനടി പിടിച്ചു നിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. ഒപ്പം കൊറോണ രോഗികളെ കണ്ടെത്താന്‍ ആര്‍ടി-പിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അധികാരികളുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ രോഗവ്യാപനം തടഞ്ഞില്ലെങ്കില്‍ രാജ്യവ്യാപകമായി രോഗം പൊട്ടിപ്പുറപ്പെടാന്‍ ഇടയാകും. എന്നാല്‍ നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കൊറോണ രൂക്ഷമായ വിവിധ രാജ്യങ്ങളില്‍ കോറോണയുടെ പല തരംഗങ്ങള്‍ നേരിടേണ്ടി വന്നു. നമ്മുടെ രാജ്യത്തും അതുതന്നെയാണ് സ്ഥിതി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 70 ജില്ലകളില്‍ 150 ശതമാനത്തിലേറെ വര്‍ദ്ധനയാണ് കൊറോണ ബാധയിലുണ്ടായത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രൂക്ഷം. ഇവിടെ 15 ജില്ലകളില്‍ കൊറോണ നിയന്ത്രണങ്ങള്‍ ശക്തമാക്കും. 19 സംസ്ഥാനങ്ങളില്‍ കൊറോണ പ്രതിദിന കണക്ക് കൂടുകയാണ്. അതില്‍ ചില സംസ്ഥാനങ്ങളില്‍ കേസുകള്‍ പെട്ടെന്ന് വര്‍ദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പരാമര്‍ശിച്ച പ്രധാനമന്ത്രി ഇവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും വര്‍ദ്ധിക്കുകയാണെന്ന് അറിയിച്ചു. ചെറിയ നഗരങ്ങളില്‍ പോലും കൊറോണയുടെ രണ്ടാം ഘട്ടം ബാധിച്ചു. ആദ്യഘട്ടത്തില്‍ ഗ്രാമങ്ങളിലെ രോഗബാധ കുറവായിരുന്നു. എന്നാലിപ്പോള്‍ ഗ്രാമങ്ങളിലും രോഗബാധ നിരക്ക് കൂടിവരികയാണ്. ഇവിടങ്ങളില്‍ കൂടുതല്‍ രോഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരും. ജില്ലാ അധികൃതര്‍ക്ക് കൊറോണ രൂക്ഷമായ ഇടങ്ങളില്‍ മൈക്രോ-കണ്ടെയിന്‍മെന്റ് സോണുകള്‍ സ്ഥാപിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button