തെരുവുനായ ആക്രമണം; ചെവി നഷ്ടപ്പെട്ട മൂന്ന് വയസ്സുകാരിയുടെ ശസ്ത്രക്രിയ വിജയകരം
തെരുവുനായ ആക്രമണത്തിൽ ചെവി നഷ്ടപ്പെട്ട മൂന്ന് വയസ്സുകാരി നിഹാരയ്ക്ക് പ്ലാസ്റ്റിക് സർജറിയിലൂടെ അറ്റുപോയ ചെവിയുടെ ഭാഗം വിജയകരമായി വെച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ പൂർണ്ണമായി വിജയിച്ചോ എന്നത് രണ്ട് ദിവസത്തിന് ശേഷം മാത്രമേ വ്യക്തമാകൂവെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് നിഹാരയുടെ പിതാവ് മിറാഷ് മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി.
ഞായറാഴ്ച വൈകുന്നേരം നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിനു സമീപം മറ്റു കുട്ടികളോടൊപ്പം കളിക്കുമ്പോഴാണ് നായയുടെ ആക്രമണം നടന്നത്. പറവൂർ ചിറ്റാട്ടുകര നീണ്ടൂർ മേയ്ക്കാട്ട് എം. എസ്. മിറാഷിന്റെയും വിനുമോളിന്റെയും മകൾ നിഹാരയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
“നായയുടെ ആക്രമണത്തിൽ കുഞ്ഞ് ഏറെ പേടിച്ചിരിക്കുകയാണ്. ഇടക്കിടെ ഞെട്ടലുണ്ടാകുന്നു. ചെവി തുന്നിച്ചേർത്തിട്ടുണ്ട്. ഇപ്പോൾ ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞ് മയക്കത്തിലാണ്. രണ്ട് ദിവസത്തിന് ശേഷം മാത്രമേ ശസ്ത്രക്രിയ പൂർണമായി വിജയിച്ചോ എന്ന് പറയാൻ കഴിയൂ. ആവശ്യമെങ്കിൽ മറ്റൊരു ശസ്ത്രക്രിയ കൂടി വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പരാതി നൽകണോ എന്നത് ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം ആലോചിക്കും,” എന്ന് നിഹാരയുടെ പിതാവ് പറഞ്ഞു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമാകുകയാണ്. നാട്ടുകാരും യുവജന സംഘടനകളും തെരുവുനായ നിയന്ത്രണത്തിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ടു.
നിഹാര, കളിക്കുമ്പോഴാണ് തെരുവുനായ അപ്രതീക്ഷിതമായി ആക്രമിച്ചത്. സമീപത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കൾ ഓടിയെത്തിയാണ് നായയെ ഓടിച്ചത്. പിതാവ് മിറാഷും മറ്റൊരാളും ചേർന്ന് കുഞ്ഞിനെ ഉടൻ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. നിലത്തു വീണ ചെവിയുടെ ഭാഗം ബന്ധുക്കൾ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
നിഹാരയ്ക്ക് ആദ്യം കളമശ്ശേരി മെഡിക്കൽ കോളേജിൽ വാക്സിനേഷൻ നൽകി. പിന്നീട് പ്ലാസ്റ്റിക് സർജറിയിലൂടെ ചെവി പുനഃസ്ഥാപിക്കുന്നതിനായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tag: Stray dog attack; Three-year-old girl loses ear, undergoes successful surgery