മകൾക്ക് മറ്റൊരാളുമായി പ്രണയം; പിതാവ് മകളെ കൊലപ്പെടുത്തിയതിന് ശേഷം തല അറുത്തെടുത്ത് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ലക്നോ: കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തിയതിന് ശേഷം തല അറുത്തെടുത്ത് പിതാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉത്തർപ്രദേശിലെ ഹർന്ദോയി ജില്ലയിൽ ബുധനാഴ്ച രാവിലെയാണ് നാടിനെ നടക്കിയ സംഭവം നടന്നത്.
പട്ടാപ്പകൽ മകളുടെ അറുത്തെടുത്ത തലയുമായി പിതാവ് പോലീസ് സ്റ്റേഷനിലേക്ക് നടന്നു പോകുകയായിരുന്നു. സർവേഷ് കുമാർ എന്നയാളാണ് പണ്ഡേതറ ഗ്രാമത്തിൽ മകളുടെ തലയുമായി നടന്ന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
മകൾക്ക് ഒരാളുമായി പ്രണയമുണ്ടായിരുന്നുവെന്നും മൂർച്ചയേറിയ ആയുധമുപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും സർവേഷ് പറഞ്ഞു. താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മറ്റാർക്കും ഇതിൽ പങ്കില്ലെന്നും അദ്ദേഹം മൊഴിനൽകി.
മകളെ മുറിയിൽ പൂട്ടിയിട്ടാണ് കൊലപ്പെടുത്തിയതെന്നും മൃതദേഹം മുറിയിലുണ്ടെന്നും ഇദ്ദേഹം പോലീസിനോടു പറഞ്ഞു. തല താഴെ വച്ച് റോഡിൽ ഇരിക്കാൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് അനുസരിച്ചു.
തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ തല കൈയിലെടുത്ത് നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥൻറെ ചിത്രം ലഭിച്ചുവെന്നും സംഭവത്തിൻറെ ഗൗരവം മനസിലാക്കി ഇയാളെ സസ്പെൻഡ് ചെയ്തുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.