കേരളത്തിലെ വയോജന സംരക്ഷണ മന്ദിരങ്ങൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തി.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വയോജന സംരക്ഷണ മന്ദിരങ്ങൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തി. എറണാകുളത്തും തിരുവനന്തപുരത്തും വയോജന ഹോമുകളിൽ നിരവധിപേർ രോഗബാധിതരായ സാഹചര്യത്തിലാണു നടപടി സ്വീകരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് അറിയിച്ചത്.
കോവിഡ് ബാധിച്ചാൽ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിൽ പോകുന്നവരാണ് വയോജനങ്ങൾ. മാത്രമല്ല അവരിൽ പലരും വിവിധ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരാണ്. ഇതു മുന്നിൽക്കണ്ടാണ് ഇവർക്കായി റിവേഴ്സ് ക്വാറന്ൈറൻ നടപ്പാക്കുന്നത്. മാത്രമല്ല സാമൂഹ്യനീതി വകുപ്പ് വയോജന സംരക്ഷണത്തിനായി നിരവധി പദ്ധതികളും നടപ്പിലാക്കി വരുന്നു. സർക്കാർ, സ്വകാര്യ ഹോമുകളിൽ താമസിക്കുന്നവർ കോവിഡ് കാലത്തു പുറത്തുപോകരുതെന്നും പുറത്തുനിന്നും ആരെയും ഹോമിൽ പ്രവേശിപ്പിക്കരുതെന്നും സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് എറണാകുളത്തേയും തിരുവനന്തപുരത്തേയും സ്വകാര്യ ഹോമുകളിലെ ചിലയാളുകൾ പുറത്ത് നിന്നും വന്നതാണ് അവിടെ രോഗ വ്യാപനത്തിന് കാരണമായത്. ഇനി ഇത്തരം സംഭവമുണ്ടായാൽ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരേ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 16 സർക്കാർ വയോജന കേന്ദ്രങ്ങളും ഓർഫനേജ് കണ്‍ട്രേൾ ബോർഡിന്റെ കീഴിൽ 561 സ്വകാര്യ വയോജന കേന്ദ്രങ്ങളുമാണുള്ളത്. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരുമാണ് ഇത്തരം ഹോമുകളിലുള്ളവരിൽ ഏറെയും. അതിനാൽ തന്നെ വളരെയേറെ ശ്രദ്ധിക്കണം. രോഗപ്പകർച്ചയുണ്ടാകാതെ നോക്കേണ്ടത് അതത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.