ബഡായി പരസ്യങ്ങൾ നൽകിയാൽ രണ്ട് വർഷം തടവും പത്ത് ലക്ഷം പിഴയും.

ന്യൂഡൽഹി / നടക്കാത്ത ബഡായി വാഗ്ദാനങ്ങളും പ്രതീക്ഷകളും നൽകി വ്യാപാര വിജയത്തിനായി പരസ്യം നൽകുന്ന കമ്പനികൾക്കും പരസ്യ ഏജൻസികൾക്കും കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഉപഭോക്താക്കളെ പറ്റിക്കുന്ന തരത്തിൽ പരസ്യം കൊടുക്കുന്ന കമ്പനികൾ ഇനി ശ്രദ്ധിക്കണം. പരാതി ഉണ്ടായാൽ കമ്പനി ഉടമക്ക് രണ്ട് വർഷം തടവോ പത്ത് ലക്ഷം രൂപ പിഴയോ ലഭിക്കുമെന്ന് ഉറപ്പാണ്.
ടൂത്ത്പേസ്‌റ്റ് വഴി 99.9 ശതമാനം കീടാണുക്കളെയും നശിപ്പിക്കാമെന്നും, മെഡിക്കൽ വിദഗ്‌ദ്ധർ അംഗീകരിച്ച പെയിന്റാണെന്നു മൊക്കെ പറഞ്ഞു ഉപഭോക്താക്കളെ പറ്റിക്കാൻ നോക്കുന്ന കമ്പനികൾ ഇനി കുടുങ്ങും. ഇത്തരം കമ്പനികളെ ചെവിക്കുപിടിച്ച് കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി നടപടി എടുക്കുമെന്ന് ഉറപ്പാണ്. നിലവിലെ കൊവിഡ് രോഗബാധയുടെ സാഹചര്യത്തെ ചൂഷണം ചെയ്ത് പല ഉൽപ്പന്നങ്ങളും നിലവിൽ വിൽക്കുന്നുണ്ട്. ഇതിനെതിരെ കർശന നടപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി എന്ന സി.സി.പി.എ.
തെറ്റായ പരസ്യങ്ങൾ ഉപയോഗിച്ചുള്ള വിൽപനാരീതികളെ നീതിരഹിതമായി കണ്ട് ഇത്തരം കമ്പനികൾക്കെതിരെ രണ്ട് വർഷം തടവോ പത്ത് ലക്ഷം രൂപ പിഴയോ ഈടാക്കാൻ സി.സി.പി.എ തീരുമാനിച്ചു. ഭക്ഷണ സാധനങ്ങളോ, അനുബന്ധ ഉൽപന്നങ്ങളോ 99.9 ശതമാനം കീടാണുക്കളെ നശിപ്പിക്കും പ്രതിരോധ ശേഷി വർദ്ധിപ്പിക്കും എന്നിങ്ങനെയുളള പരസ്യങ്ങൾ വർദ്ധിച്ചതായി അതോറിറ്റി വിലയിരുത്തുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ജൂലായ് വരെ സാനിറ്റൈസറുകളുടെ പരസ്യം 100 ശതമാനമാണ് വർദ്ധിക്കുകയുണ്ടായത്. വ്യക്തി ശുചിത്വത്തിനുളള വസ്‌തുക്കളുടെയും ശുചീകരണ വസ്‌തുക്കളുടെയും പരസ്യം 20 ശതമാനവും കൂടുകയുണ്ടായി. ഇത്തരം വിഭാഗങ്ങളെല്ലാം പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു എന്ന രീതിയിലാണ് പരസ്യങ്ങൾ നൽകി വരുന്നത്.
രാജ്യത്തെ പരസ്യ ദാതാക്കളുടെ തന്നെ സംഘടനയായ അഡ്വർടൈസിംഗ് സ്‌റ്റാന്റർഡ്‌സ് കൗൺസിൽ(എ.എസ്.സി.ഐ) ഇക്കാര്യത്തിൽ ഫലപ്രദമായ നടപടിയൊന്നും എടുക്കാത്തതിനാലാണ് സി.സി.പി.എ കടുത്ത നടപടികൾ സ്വീകരിക്കുവാൻ തീരുമാനിക്കാൻ കാരണ മായിരിക്കുന്നത്. 2019ലെ ഉപഭോക്‌തൃ സംരക്ഷണ നിയമപ്രകാരം രൂപീകരിച്ചതാണ് സി.സി.പി.എ. ഉപഭോക്താക്കൾക്ക് നേരിടുന്ന നീതി നിഷേധങ്ങൾ പരിഹരിക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. 2020 ജൂലായിലാണ് അതോറിറ്റി പ്രവർത്തനം ആരംഭിക്കുന്നത്.