keralaKerala NewsLatest News

സർക്കാർ സ്കൂളിലെ ശുചിമുറിയിൽ നിന്ന് പൊള്ളലേറ്റു; വിദ്യാർത്ഥിയ്ക്ക് ദാരുണ അന്ത്യം

ബിഹാറിലെ സർക്കാർ സ്കൂളിലെ ശുചിമുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ഗുരുതര പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവം ദാരുണാന്ത്യത്തിലേക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സംഭവം പട്‌നയിലെ ചിത്‌കോഹ്‌റയിലാണ് നടന്നത്.

ഇന്ന് രാവിലെ 10.30ഓടെ ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാർ അകത്ത് പരിശോധിക്കുമ്പോഴാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ സ്കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയെ പട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും 90 ശതമാനത്തോളം പൊള്ളലേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല.

ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, സ്കൂൾ അധികൃതരുടെ അശ്രദ്ധയാണ് മകളുടെ മരണകാരണമെന്ന് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കൾ രംഗത്തെത്തി. രോഷാകുലരായ നാട്ടുകാരും ബന്ധുക്കളും സ്കൂൾ കെട്ടിടം അടിച്ചുതകർത്തു. ഉണ്ടായ സംഘർഷത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

കുട്ടി കഴിഞ്ഞ അഞ്ചുദിവസമായി സ്കൂളിൽ എത്തിച്ചേരാത്തതായും വിവരം ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അധ്യാപകരുടെയടക്കം വിശദമായ മൊഴിയെടുക്കുന്നതായും സംഭവത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇനിയും ലഭ്യമല്ലെന്നും പട്‌ന സെൻട്രൽ എസ്പി ദീക്ഷ വ്യക്തമാക്കി.

Tag: Student dies after being burnt in government school toilet in patna, bihar

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button