Latest NewsNationalNews

പണം തന്നുവെന്ന് കത്വ കുടുംബം, ദീപിക സിങ് പണം ആവശ്യപ്പെട്ടു

ദില്ലി: ഫണ്ട് വിവാദത്തില്‍ യൂത്ത് ലീഗിന്റെ വിശദീകരണം ശരിവച്ച്‌ കത്വ പീഡന ഇരയുടെ കുടുംബം. മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ അഞ്ച് ലക്ഷം രൂപ തങ്ങള്‍ക്ക് കൈമാറിയിരുന്നുവെന്ന് കുട്ടിയുടെ പിതാവും സഹോദരനും വളര്‍ത്തച്ഛനും പറഞ്ഞു. ദില്ലിയില്‍ വച്ച്‌ പണമായും ചെക്കായുമാണ് കാശ് കൈമാറിയതെന്ന് വളര്‍ത്തച്ഛന്‍ മുഹമ്മദ് യൂസഫ് പറഞ്ഞു. 2018ലാണ് പണം ലഭിച്ചത്. മുഹമ്മദ് യൂഫിന്റെ സംരക്ഷണയിലായിരിക്കെയാണ് കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടത്.

മുബീന്‍ ഫാറൂഖിയാണ് തങ്ങളുടെ അഭിഭാഷകന്‍ എന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് അക്തര്‍ പറഞ്ഞു. കേസിന്റെ ആദ്യ ഘട്ടത്തില്‍ ദീപിക സിങ് രജാവത്ത് ആയിരുന്നു കുടുംബത്തിന്റെ അഭിഭാഷക. ഇവര്‍ രണ്ടു തവണ മാത്രമാണ് കോടതിയില്‍ ഹാജരായത്. പിന്നീട് ഹാജരായില്ല. തുടര്‍ന്നാണ് മുബീന്‍ ഫാറൂഖിയെ കേസ് ഏല്‍പ്പിച്ചതെന്നും മുഹമ്മദ് അക്തര്‍ പഞ്ഞു. ദീപിക സിങ് പണം ആവശ്യപ്പെട്ടുവെന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ അംജദ് അലി ഖാന്‍ പറഞ്ഞു. ഒന്നര ലക്ഷം രൂപ നല്‍കുകയും ചെയ്തു.

മുസ്ലിം യൂത്ത് ലീഗ് കേരളത്തില്‍ നടത്തിയ ഫണ്ട് തിരിമറി ചെയ്തുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. യൂത്ത് ലീഗ് മുന്‍ ദേശീയ നേതാവ് യൂസഫ് പടനിലമാണ് ഇക്കാര്യം ആരോപിച്ചത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും ദേശീയ നേതാവ് സികെ സുബൈറും തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് യൂത്ത് ലീഗ് നേതാക്കള്‍ വിശദീകരണവുമായി രംഗത്തുവന്നു.

പിരിച്ച സംഖ്യയും ചെലവഴിച്ച സംഖ്യയും ബാക്കി 14 ലക്ഷത്തോളം രൂപ ബാങ്കിലുള്ള കാര്യവും അവര്‍ വിശദീകരിച്ചു. ഇതിനിടെയാണ് അഭിഭാഷക ദീപിക സിങ് രംഗത്തുവന്നത്. സൗജന്യമായിട്ടാണ് കേസില്‍ ഹാജരായതെന്നും പണം ആരില്‍ നിന്നും വാങ്ങിയിട്ടില്ലെന്നും മുബീന്‍ ഫാറൂഖി അല്ല കുടുംബത്തിന്റെ അഭിഭാഷകന്‍ എന്നും അവര്‍ പറഞ്ഞു. ഇതോടെ വിവാദം കനത്തു. ഇപ്പോള്‍ കുടുംബത്തിന്റെ വിശദീകരണം പുറത്തുവന്നോടെ വിവാദം കെട്ടടങ്ങുമെന്നാണ് യൂത്ത് ലീഗിന്റെ പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button