Kerala NewsLatest NewsNews

സര്‍ക്കാര്‍ സേവനങ്ങള്‍ വയോജനങ്ങള്‍ക്ക് വീടുകളില്‍

ആലപ്പുഴ: കോവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയുന്ന വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സാമൂഹിക സന്നദ്ധ സേനകള്‍ ഒരുങ്ങുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങളും പദ്ധതികളും യഥാസമയത്ത് വയോജനങ്ങള്‍ക്കു ലഭ്യമാകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തദ്ദേശ സ്വയംഭരണ, സാമൂഹിക നീതി വകുപ്പുകളുടെ നേതൃത്വത്തില്‍് ദുരിതമനുഭവിക്കുന്ന വയോജനങ്ങള്‍ക്കും കിടപ്പുരോഗികള്‍ക്കുമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും മറ്റുമായി അക്ഷയകേന്ദ്രങ്ങളിലോ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലോ എത്തിയാണ് അപേക്ഷ നല്‍കേണ്ടത്. ഈ അവസ്ഥയ്ക്കു പരിഹാരമായി ഉദ്യോഗസ്ഥരെ വീടുകളിലെത്തിച്ച് സേവനങ്ങള്‍ ലഭ്യമാക്കുക, ഇവര്‍ക്കുവേണ്ട മരുന്നും മറ്റും വാങ്ങി നല്‍കുക എന്നിവയാണ് ഈ പദ്ധതി കൊണ്ട്് ഉദ്ദേശിക്കുന്നത്.

65 വയസ്സിനു മുകളിലുള്ളവര്‍, കാഴ്ച-കേള്‍വിക്കുറവുള്ളവര്‍, ചലനശേഷിയില്ലാത്തവര്‍, പരസഹായമില്ലാതെ താമസിക്കുന്നവര്‍, തുടങ്ങിയവരാണ് ഈ പദ്ധതിയുടെ ഉപഭോക്താക്കള്‍. പഞ്ചായത്തില്‍ നിന്ന് 15 പേരും നഗരസഭയില്‍ നിന്ന് 17 പേരും കോര്‍പ്പറേഷനില്‍ നിന്ന് 25 പേരുമാണ് സന്നദ്ധ സേനയിലുള്‍പ്പെടുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ അവശതയനുഭവിക്കുന്ന രോഗികള്‍ക്ക് പാലിയേറ്റീവ് കെയര്‍ മാതൃകയില്‍ വീടുകളിലെത്തി ചികിത്സയും ലഭ്യമാക്കും. തദ്ദേശസ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും നിലവിലുള്ള രേഖകളില്‍ നിന്ന് പ്രത്യേകം സര്‍വേ നടത്തിയാകും സേവനം ലഭ്യമാക്കേണ്ടവരെ തിരഞ്ഞെടുക്കുന്നത്.

ജനമൈത്രി പോലീസ് അംഗങ്ങള്‍, അക്ഷയകേന്ദ്രം പ്രവര്‍ത്തകര്‍ , കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള ചെറുപ്പക്കാര്‍, എന്നിവരെയാണു ഇതിനായി തിരഞ്ഞെടുക്കുന്നത്. തദ്ദേശസ്ഥാപന സെക്രട്ടറി, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവരടങ്ങുന്ന സമിതിക്കാണു പദ്ധതിയുടെ നടത്തിപ്പ് ചുമതല നല്‍കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button