പോലീസിന് സന്ദേശമയച്ചു; ശേഷം കയറില്‍ ജീവിതം അവസാനിപ്പിച്ച് ദമ്പതികള്‍
മംഗളൂരു: കൊവിഡ് പോസിറ്റീവായെന്ന് ഭയന്ന് മംഗളുരുവില്‍ നവദമ്പതികള്‍ ആത്മഹത്യ ചെയ്തു. കൊവിഡ് ബാധിച്ചെന്ന ഭയത്തില്‍ പൊലീസിന് സന്ദേശമയച്ച് ദമ്പതികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ചിത്രാപുര രഹേജ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരായ രമേഷ് കുമാര്‍ (40), ഭാര്യ ഗുണ ആര്‍.സുവര്‍ണ (35) എന്നിവരെയാണ് ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്മീഷണര്‍ക്ക് ശബ്ദ സന്ദേശമയച്ച ശേഷമാണ് ഇരുവരും തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇവര്‍ മംഗളൂരു എസ്പി എന്‍ ശശികുമാറിന് സന്ദേശം അയച്ചത്. എന്നാല്‍ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് നെഗറ്റീവ് ആയിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി തനിക്കും ഭാര്യക്കും കൊവിഡ് ലക്ഷണങ്ങളുണ്ടെന്നും ഭാര്യക്ക് പ്രമേഹമായതിനാല്‍ ബ്ലാക്ക് ഫംഗസ് സാധ്യതയുണ്ടെന്നും അതിനാല്‍ ഒരുമിച്ച് മരിക്കുകയാണെന്നുമായിരുന്നു സന്ദേശം. ആശുപത്രിയില്‍ പോയാല്‍ പരസ്പരം കാണാതെ മരിക്കേണ്ടി വരുമെന്നും അതുകൊണ്ട് വീട്ടില്‍ തന്നെ മരിക്കാന്‍ തീരുമാനിച്ചെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ ആദ്യം മരിച്ചെന്നും താന്‍ മരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു.
എന്നാല്‍ സന്ദേശം ലഭിച്ചയുടന്‍ കമ്മീഷണര്‍ തിരിച്ചു വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇവരുടെ താമസസ്ഥലവും മറ്റ് വിവരങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നല്‍കിയ കമ്മിഷണര്‍ ആത്മഹത്യ തടയാന്‍ അഭ്യര്‍ഥിച്ചിരുന്നു. പക്ഷെ ഇരുവരെയും രക്ഷിക്കാനായില്ല. ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് സൂറത്കല്‍ സ്റ്റേഷനുമായി എസ്പി ബന്ധപ്പെട്ടു. പൊലീസും നാട്ടുകാരും ഇവരുടെ താമസ സ്ഥലത്ത് എത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു്. ഇരുവരും വിവാഹിതരായിട്ട് വര്‍ഷങ്ങളായിട്ടും കുട്ടികളുണ്ടായിരുന്നില്ല. കുട്ടികളില്ലാത്തത് ഇവര്‍ക്ക് വലിയ മാനസിക പ്രശ്നമായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം കോവിഡ് മഹാമാരിയെ ഭയന്നും മാനസിക പിരിമുറുക്കത്തെ തുടര്‍ന്നും നിരവധി പേര്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ ഇതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലപ്പുറത്ത് കോവിഡ് രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെട്ടം ആലിശ്ശേരി മണിയന്‍പള്ളിയില്‍ അനി ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കോവിഡ് വ്യാപന ഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ ആത്മഹത്യ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. കോവിഡിനെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്. അതേസമയം ഇത്തരം ആത്മഹത്യ കേസുകള്‍ തുടര്‍കഥയായപ്പോള്‍
കോവിഡ് ബാധിച്ചവര്‍ക്ക് മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നടക്കം വിദഗ്ധരുടെ കൗണ്‍സലിങ് ഫോണ്‍ വഴി നല്‍കിയിരുന്നു.