Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

സുകൃതം സുവർണ്ണം നാളെ: ഉമ്മൻ ചാണ്ടിക്ക് ആശംസ നേർന്ന് മുഖ്യമന്ത്രി

കേരള നിയമസഭയിൽ അമ്പത് വർഷം പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടിക്ക് ആശംസകളുമായി പ്രമുഖർ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ ഉള്ളവർ ഉമ്മൻ ചാണ്ടിക്ക് ആശംസകൾ അറിയിച്ചു.
ഉമ്മൻചാണ്ടിക്ക് നിയമസഭയിൽ നാളെ അഞ്ചു പതിറ്റാണ്ട് പൂർത്തിയാവുന്നു. ജീവിതം രാഷ്ട്രീയത്തിനുവേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതൽ എന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ സജീവ സാന്നിധ്യമായി ഉമ്മൻചാണ്ടിയുണ്ട്
നിയമസഭയിൽ അഞ്ചു പതിറ്റാണ്ട് പൂർത്തിയാക്കുക; അതും ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട് സഭയിലെത്തുക. തിരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽപോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കുമാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം നിയമസഭാ സാമാജികരുടെ നിരയിലാണ് ഉമ്മൻചാണ്ടിയുടെ സ്ഥാനം പിണറായി വിജയൻ പറഞ്ഞു.
ഒരുപക്ഷേ, കെ.എം. മാണി മാത്രമായിരിക്കും നിയമസഭയിലെ ഈ അപൂർവതയിൽ ഉമ്മൻചാണ്ടിയെ കടന്നുനിൽക്കുന്നത്. കെ.ആർ. ഗൗരിയമ്മ അടക്കം ഒന്നാം നിയമസഭ മുതൽക്കേ സഭയിലുണ്ടായിരുന്നവരുണ്ട്; നിയമസഭാ സാമാജികത്വത്തിന്റെ സുദീർഘമായ ചരിത്രമുള്ളവരുണ്ട്. എന്നാൽ, അവർക്കൊന്നും വിജയത്തിന്റേതുമാത്രമായ ചരിത്രം അവകാശപ്പെടാനില്ല. ആദ്യമായി ജയിച്ചതുമുതൽ എല്ലാ സഭകളിലും ഉണ്ടാവുക എന്ന ചരിത്രവും ആർക്കുമില്ല.

1970ൽ താനും ഉമ്മൻചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാൽ, താൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവർത്തനരംഗത്തായിരുന്നു. ഇടയ്ക്കൊക്കെ സഭയിലും. എന്നാൽ, ഉമ്മൻചാണ്ടി അന്ന് സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും സഭാംഗമായിത്തന്നെ തുടർന്നു. പല കോൺഗ്രസ് നേതാക്കളും – കെ. കരുണാകരനും എ.കെ. ആന്റണിയുമടക്കം – പാർലമെന്റംഗമായും മറ്റും പോയിട്ടുണ്ട്. എന്നാൽ, ഉമ്മൻചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല.
എഴുപതുകളുടെ തുടക്കം നിരവധി യുവാക്കൾ കേരള നിയമസഭയിൽ എത്തി എന്ന പ്രത്യേകതകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരിൽ മറ്റൊരാൾക്കും സാധ്യമാവാത്ത നേട്ടം ഉമ്മൻചാണ്ടിക്കുണ്ടായി. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴിൽ തുടങ്ങിയ സുപ്രധാന വകുപ്പുകൾ അദ്ദേഹത്തിനു കൈകാര്യം ചെയ്യാൻ സാധിച്ചു.
ജീവിതം രാഷ്ട്രീയത്തിനുവേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതൽ എന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ സജീവ സാന്നിധ്യമായി ഉമ്മൻചാണ്ടിയുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അരനൂറ്റാണ്ടിലെ ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്നും ഉമ്മൻചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും മന്ത്രിസഭയുടെയും നേതൃനിർണയ കാര്യങ്ങളിലടക്കം നിർണായകമാംവിധം ഇടപെട്ടിട്ടുള്ള ഉമ്മൻചാണ്ടി, കെ. കരുണാകരനും എ.കെ. ആന്റണിയും ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഘട്ടങ്ങളിൽ കേരളത്തിലെ കോൺഗ്രസിൽ പ്രധാനിയായി നിന്നു.
ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കല്പിക്കാതെ ആരോഗ്യംപോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി. ഉമ്മൻചാണ്ടി നിയമസഭാ ജീവിതത്തിന്റെ അരനൂറ്റാണ്ട് ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും അർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നാളെ കോട്ടയത്താണ് ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷിക ആഘോഷം. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. വിപുലമായ ക്രമീകരണങ്ങളാണ് സുകൃതം സുവർണ്ണം എന്ന് പേരിട്ട പരിപാടിക്കായി നടത്തിയിട്ടുള്ളത്.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പരിപാടി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. പുതുപ്പള്ളി എംഎൽഎയായി ഉമ്മൻ ചാണ്ടി 50 വർഷം തികയ്ക്കുമ്പോൾ രാഹുൽ ഗാന്ധി, എ.കെ ആന്റണി തുടങ്ങി ദേശീയ നേതാക്കൾ ഓൺലൈനിലൂടെ ആഘോഷത്തിൽ ചേരും. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരും സാമൂഹിക സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളും നേരിട്ടെത്തും. 50 പേർക്ക് മാത്രമാണ് പരിപാടിയിലേക്ക് ക്ഷണമുള്ളത്.
16 ലക്ഷം പേർ ഓൺലൈനിലൂടെ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. വാർഡ് തലത്തിൽ ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കി. പരിപാടിക്ക് മുന്നോടിയായി പുതുപ്പള്ളി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഉമ്മൻചാണ്ടി നേരിട്ടെത്തി ജനങ്ങളുമായി സംസാരിക്കും. പരിപാടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക തുടക്കമാക്കാനാണ് കോൺഗ്രസ് നേതാക്കളുടെ ശ്രമം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button