ബ്രിട്ടനിൽ ഇന്ന് രാത്രി സമ്മർ ടൈം അവസാനിക്കുന്നു; സമയം ഒരു മണിക്കൂർ പിറകോട്ടേക്ക്

ഇന്ന് (ശനിയാഴ്ച) രാത്രി ബ്രിട്ടനിൽ ഈ വർഷത്തെ സമ്മർ ടൈം അവസാനിക്കും. രാത്രി 2 മണിക്ക് സമയം ഒരു മണിക്കൂർ പിറകോട്ടാക്കി, രാജ്യം ഗ്രീനിച്ച് മീൻ ടൈമിലേക്ക് (GMT) തിരിച്ചെത്തും.
സ്മാർട്ട്‌ഫോണുകളും ഡിജിറ്റൽ ഗാഡ്ജറ്റുകളും ആധുനിക വാഹനങ്ങളും സമയമാറ്റം സ്വയം പരിഷ്‌കരിക്കും. എന്നാൽ അനലോഗ് ഘടികാരങ്ങളിൽ സമയം ഒരു മണിക്കൂർ പിന്നോട്ട് മാറ്റേണ്ടതുണ്ട്.
എല്ലാ വർഷവും പോലെ, ഒക്ടോബറിന്റെ അവസാന ആഴ്ചയിലെ ശനിയാഴ്ച രാത്രിയിലാണ് ബ്രിട്ടനിൽ സമയം പിറകോട്ടാക്കുന്നത്. അതുപോലെ തന്നെ മാർച്ച് മാസത്തിന്റെ അവസാന ആഴ്ചയിലെ ശനിയാഴ്ച രാത്രിയിലാണ് വേനൽക്കാലമായ സമ്മർ ടൈമിലേക്ക് സമയം മുന്നോട്ട് മാറ്റുന്നത്. ഈ മാറ്റം ആളുകൾക്ക് ഓർക്കാനായി ഇംഗ്ലണ്ടിൽ പ്രചാരത്തിലുള്ള വാചകം — “Spring forward, fall back.”
1916-ൽ ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനിയാണ് ഈ രീതി ആദ്യമായി നടപ്പിലാക്കിയത്. പകൽ സമയദൈർഘ്യം കൂട്ടി ഹീറ്റിങ്ങിനും ലൈറ്റിങ്ങിനുമുള്ള ഇന്ധനം ലാഭിക്കുക എന്നതായിരുന്നു ലക്ഷ്യം. തുടർന്ന് ബ്രിട്ടൻ ഇതേ രീതി ‘ബ്രിട്ടീഷ് സമ്മർ ടൈം’ എന്ന പേരിൽ സ്വീകരിച്ചു. ഇപ്പോൾ സ്വീഡൻ, ഡെൻമാർക്ക്, പോളണ്ട് ഉൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങളും ഇതേ രീതിയാണ് പിന്തുടരുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്ത്, ബ്രിട്ടൻ സമയം താൽക്കാലികമായി രണ്ട് മണിക്കൂറായി മുന്നോട്ടാക്കിയത് ശ്രദ്ധേയമായിരുന്നു. പിന്നീട് അത് പഴയപടി ഒരു മണിക്കൂറാക്കി തിരുത്തി.
ഈ സമയമാറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രദേശം സ്കോട്‌ലൻഡാണ്. തണുപ്പുകാലത്ത് അവിടെയുള്ള പല ഭാഗങ്ങളിലും രാവിലെ എട്ടുമണിയോടെ മാത്രമാണ് സൂര്യപ്രകാശം കാണുന്നത്, അതിനാൽ ഈ മാറ്റം അവിടെയുള്ളവർക്കാണ് കൂടുതൽ പ്രതിഫലനം ഉണ്ടാക്കുന്നത്.
Tag: Summer Time ends tonight in Britain; clocks go back one hour



