സുനന്ദ കേസ്: അർണബിൻ്റെ സമാന്തര അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി.യുടെ ഭാര്യ സുനന്ദാ പുഷ്കർ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ റിപ്പബ്ലിക് ചാനലും എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയും സമാന്തര അന്വേഷണവും വിചാരണയും നടത്തുന്നത് വിലക്കി ഡൽഹി ഹൈക്കോടതി.ശശി തരൂർ നൽകിയ ഹർജ്ജിയിലാണ് കോടതിയുടെ നടപടി.വിഷയം ചർച്ച ചെയ്യുമ്പോൾ സംയമനം പാലിക്കണ
മെന്നും ജസ്റ്റിസ് മുക്ത ഗുപ്തയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. മറുപടി ഫയൽ ചെയ്യാൻ ഗോസ്വാമിയോട് ആവശ്യപ്പെട്ട ഹൈക്കോടതി കേസ് നവംബർ 20-ലേക്കു മാറ്റി.
മാധ്യമങ്ങളുടെ വായടയ്ക്കണമെന്നല്ല പക്ഷെ. അന്വേഷണത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കണം. ക്രിമിനൽ കേസിൽ പോലീസ് അന്വേഷണം നടക്കുമ്പോൾ സമാന്തരമായി മാധ്യമവിചാരണ പാടില്ല. അന്വേഷണത്തിലും വിചാരണയിലുമുള്ള വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ജാഗ്രത പുലർത്തണം.. മാധ്യമങ്ങൾ അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളുന്നയിക്കുകയോ ഏതെങ്കിലുമൊരാളെ കുറ്റവാളിയാക്കുകയോ ചെയ്യരുത്. ” -കോടതി പറഞ്ഞു.
തനിക്കെതിരേ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നതിൽനിന്ന് റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ തടയണമെന്നാ
വശ്യപ്പെട്ടായിരുന്നു ശശി തരൂർ ഹൈക്കോടതിയിൽ ഹർജ്ജി നൽകിയത്.
തങ്ങളുടെ പക്കൽ തെളിവുണ്ടെന്ന ചാനലിന്റെ അവകാശവാദത്തെയും കോടതി ചോദ്യംചെയ്തു. നിങ്ങൾ സംഭവസ്ഥലത്തുണ്ടായിരുന്നോയെന്നും ദൃക്‌സാക്ഷിയാണോയെന്നും കോടതി ചോദിച്ചു. എയിംസിൽനിന്നുള്ള ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് വാർത്ത നൽകിയതെന്നായിരുന്നു ഗോസ്വാമിയുടെ മറുപടി. തെളിവ് ഏതാണെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണ ഏജൻസി നൽകിയ കുറ്റപത്രത്തിൻമേലുള്ള അപ്പീലിൽ മാധ്യമങ്ങൾക്ക് തീരുമാനമെടുക്കാനാകുമോയെന്നും കോടതി ചോദിച്ചു. 2014 ജനുവരി 17-നാണ് സുനന്ദയെ ഡൽഹിയിലെ നക്ഷത്ര ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.