പരാതിക്കാരൻ പണം കൈമാറിയതിന് കരാർ രേഖയില്ല: സണ്ണി ലിയോണിനെതിരായ വഞ്ചന കേസിൽ വഴിത്തിരിവ്

കൊച്ചി: നടി സണ്ണി ലിയോണിനെതിരായ വഞ്ചന കേസിൽ വഴിത്തിരിവ്. പരാതിക്കാരൻ ഷിയാസ് പണം കൈമാറിയതിന് കരാർ രേഖയില്ലെന്ന് കണ്ടെത്തൽ. പണം നൽകിയത് മറ്റു രണ്ടു പേരാണെന്നാണ് കരാർ രേഖകളിലുള്ളത്. ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടാക്കാൻ പരാതിക്കാന്റെ മൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചു.
അതേ സമയം പണം കൈമാറിയത്തിന് കരാർ രേഖയില്ലെന്ന് പരാതിക്കാരൻ ഷിയാസ് സമ്മതിച്ചു. പണം നൽകിയത് മറ്റ് രണ്ട് പേരാണെന്നും പരാതി നൽകാൻ തന്നെ അവർ ചുമതലപ്പെടുത്തിയതാണെന്നുമാണ് ഷിയാസ് ഇപ്പോൾ പറയുന്നത്. ഇക്കാര്യങ്ങളിൽ വ്യക്തത ലഭിക്കാനാണ് പരാതിക്കാരന്റെ മൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചത്.
കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. പെരുമ്പാവൂർ സ്വദേശിയാണ് പരാതിക്കാരൻ. ബഹ്‌റൈനിലെ പരിപാടിയിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് പതിനാറ് ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന ആരോപണവും പരാതിക്കാരൻ പിന്നീട് ഉന്നയിച്ചു.
ഇതിന് പിന്നാലെ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് മനഃപൂർവമല്ലെന്നായിരുന്നു സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. നിശ്ചയിച്ച ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നൽകിയെന്നും എന്നാൽ ചടങ്ങ് നടത്താൻ സംഘാടകർക്ക് കഴിഞ്ഞില്ലെന്നും സണ്ണി ലിയോൺ വ്യക്തമാക്കിയിരുന്നു.