‘സംസ്ഥാനത്ത് നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേരെ പരിശോധിക്കും; പൊതുയോഗങ്ങൾ രണ്ട് മണിക്കൂറായി ചുരുക്കണം; ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൊറോണ ടെസ്റ്റ് കൂട്ടുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്. ടെസ്റ്റിംഗ് ക്യാമ്പയിൻ തുടങ്ങും. നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേരെ പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൈ റിസ്ക് ഉള്ളവര്‍ക്കാണ് മുന്‍ഗണന. ഇതുവരെ 50 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനേഷൻ ക്യാമ്പയിൻ ശക്തമാക്കും. സംസ്ഥാനത്ത് പൊതുയോഗങ്ങൾ രണ്ട് മണിക്കൂറായി ചുരുക്കണമെന്നും പരമാവധി യോഗങ്ങൾ ഓൺലൈൻ ആക്കണമെന്നും നിര്‍ദ്ദേശിച്ചു. ആളുകൾ സർക്കാരിനോട് സഹകരിക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. ഹോം ഡെലിവറി കൂട്ടാന്‍ കടകൾ മുൻകൈ എടുക്കണം. പരീക്ഷകൾക്ക് വിദ്യാർത്ഥികൾക്ക് കൂടുതൽ യാത്ര സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അനുമതി നിർബന്ധം ആവശ്യമില്ല. പക്ഷേ മുൻകൂറായി അറിയിക്കണം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിയേറ്ററുകൾ, ബാറുകൾ എന്നിവയ്ക്കും രാത്രി ഒൻപത് മണിക്കുള്ളിൽ അടക്കണം എന്ന വ്യവസ്‌ഥ ബാധകമാണ്. ലോക്ഡൗൺ ആലോചനയിൽ ഇല്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ഒരു കോടി ഡോസ് വാക്സീൻ കൂടി സംസ്ഥാനത്തിന് വേണം. ഇന്ന് രണ്ട് ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ കിട്ടും. 7,25,300 ഡോസ് വാക്സീൻ മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. ഇത് മുഴുവന്‍ കൊടുത്ത് തീര്‍ക്കാനാണ് തീരുമാനമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.