‘എനിക്കെതിരെ ‘ഹെയ്റ്റ് ക്യാംപയിനുകൾ’ നടന്നു; സെക്‌സിസ്റ്റ് കമന്റുകൾ നടത്തി: പക്ഷേ ഇന്ന്… വനിതാദിന വീഡിയോയുമായി സണ്ണി ലിയോൺ

എപ്പോഴും വിവാദങ്ങളുടെ തോഴിയായിരുന്നു സണ്ണി ലിയോൺ. പോൺ ക്ലിപ്പുകളിൽ അഭിനയിച്ചു എന്ന കാരണത്താൽ നടി എന്ന നിലയിൽ പലപ്പോഴും സണ്ണി ലിയോൺ വിശേഷിക്കപ്പെട്ടില്ല. എന്നാൽ വ്യക്തി എന്ന നിലയിൽ സ്വതന്ത്രമായ ആശയങ്ങൾ മുന്നോട്ടുവച്ചും ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായും സണ്ണി സമൂഹത്തിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ചു.
സാമൂഹിക സദാചാരത്തെ കുറിച്ച് ആശങ്കയില്ലാത്ത വ്യക്തിയെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ തള്ളിക്കളഞ്ഞപ്പോഴും ലക്ഷക്കണക്കിന് ആരാധകർ സണ്ണി ലിയോണിനെ പിന്തുണച്ച് നിൽക്കുകയും ചെയ്തു. ഏത് വിവാദത്തെയും പ്രതിസന്ധിയും ധൈര്യപൂർവ്വം നേരിട്ടുകൊണ്ട് താൻ ശക്തയായ സ്ത്രീയാണെന്ന് സണ്ണിയും തെളിയിച്ചുകൊണ്ടിരുന്നു.
ഇപ്പോഴിതാ വനിതാദിനത്തിന് മുന്നോടിയായി രസകരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സണ്ണി. സമൂഹമാധ്യമങ്ങളിലൂടെയാണ് ചെറിയ കുറിപ്പിന്റെ അകമ്പടിയോടെ സണ്ണി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
‘എനിക്കെതിരെ ‘ഹെയ്റ്റ് ക്യാംപയിനുകൾ’ നടന്നു, മുൻവിധികളോടെ എന്നെ സമീപിച്ചു, സെക്‌സിസ്റ്റ് കമന്റുകൾ നടത്തി, എന്റെ നൃത്തച്ചുവടുകളെ പോലും വിമർശിച്ചു, സിനിമാ മേഖലയിൽ നിന്ന് ഓഫറുകളോ പിന്തുണയോ ഉണ്ടായില്ല, അവാർഡ് ഷോകളിൽ വിലക്ക് നേരിട്ടു, പക്ഷേ ഇന്ന്… ഞാനെന്റെ സ്വപ്‌നജീവിതം ജീവിക്കുകയാണ്…
എക്കാലത്തേയും വലിയ ബ്ലോക്ക്ബസ്റ്ററായ ബേബി ഡോൾ പോലൊരു ഗാനം ചെയ്തു, ഏറ്റവും സുന്ദരമായ കുടുംബത്തെ ലഭിച്ചു, എന്റെതായ സംരംഭം തുടങ്ങി ഒരു ബിസിനസ് വുമൺ കൂടി ആയി, ഞാൻ എന്താണെന്നതിൽ എനിക്ക് അഭിമാനം മാത്രമേയുള്ളൂ, മറ്റാരുടെയും സഹായം കൂടാതെ തനിയെ വളർന്നുവന്ന ഒരു ‘സെൽഫ്‌മെയ്ഡ്’ സ്ത്രീയാണ് ഞാൻ…’- ഇത്രയുമാണ് വീഡിയോയിലൂടെ സണ്ണി ലോകത്തോട് പറയുന്നത്.
വനിതാദിനത്തോടനുബന്ധിച്ച് ‘മോജി ഇന്ത്യ’യുടെ ‘അൺഫിൽട്ടേർഡ്’ എന്ന ബോധവത്കരണത്തിന്റെ ഭാഗമായാണ് സണ്ണി വീഡിയോ ചെയ്തിരിക്കുന്നത്. ഞാനെന്റെ കഥ പങ്കുവച്ചിരിക്കുന്നു, ഇനി നിങ്ങളുടേത് പങ്കുവയ്ക്കൂവെന്നും സണ്ണി പറയുന്നു.