തീപിടിത്തത്തിനിടെ സൂപ്പർ മാർക്കറ്റിൽ മോഷണം; 10,000 രൂപയുടെ സാധനവുമായി യുവതി പിടിയിൽ

കണ്ണൂർ തളിപ്പറമ്പ് നഗരത്തിലെ അഗ്നിബാധയ്ക്കിടെ ആൾക്കൂട്ടവും ആശയക്കുഴപ്പവും മുതലെടുത്ത് സമീപത്തെ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ യുവതി പൊലീസ് പിടിയിൽ. തളിപ്പറമ്പിലെ നബ്രാസ് ഹൈപ്പർമാർക്കറ്റിൽ നിന്നാണ് യുവതി സാധനങ്ങൾ കവർന്നത്.
കെ.വി. കോംപ്ലക്സിൽ തീപിടുത്തം നടന്ന സമയത്ത്, പർദ ധരിച്ച് എത്തിയ യുവതി നബ്രാസ് സൂപ്പർമാർക്കറ്റിൽ നിന്ന് ഏകദേശം പത്തു ആയിരം രൂപ വിലമതിക്കുന്ന സാധനങ്ങൾ എടുത്ത്, പുറത്ത് തീപിടുത്തം കാണാനായി കൂടി നിന്ന ജനക്കൂട്ടത്തിലേക്ക് നീങ്ങി മറഞ്ഞുവെന്നാണ് വിവരങ്ങൾ.
സംഭവം സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് സൂപ്പർമാർക്കറ്റ് അധികൃതർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. തളിപ്പറമ്പ് സമീപ പഞ്ചായത്തിലെ സ്വദേശിനിയായ യുവതിയാണ് പിടിയിലായത്. അവൾ എടുത്ത സാധനങ്ങളുടെ വില ഈടാക്കി മുന്നറിയിപ്പ് നൽകി വിട്ടയച്ചതായി നബ്രാസ് ഹൈപ്പർമാർക്കറ്റ് അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
Tag: supermarket during fire; Woman arrested with goods worth Rs 10000