ചെമ്പോല തിട്ടൂരം വ്യാജമായി നിര്‍മിച്ചതെന്ന് എം.ജി. ശശിഭൂഷണ്‍
തിരുവനന്തപുരം: ശബരിമല പ്രക്ഷോഭകാലത്ത് ഒരു മലയാളം ചാനല്‍ കാണിച്ച ചെമ്പോല തിട്ടൂരം വ്യാജമാണെന്ന് പുരാവസ്തു വിദഗ്ധന്‍ എം.ജി. ശശിഭൂഷണ്‍. ഹൈക്കോടതിയിലെ കേസില്‍ ഇത് തെളിഞ്ഞതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ചര്‍ച്ചയിലാണ് ശശിഭൂഷണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ചീരപ്പന്‍ ചിറക്കാര്‍ക്കു വേണ്ടി തിരുവനന്തപുരത്തെ പുരാവസ്തു വിദഗ്ധന്‍ ഉണ്ടാക്കിയതാണ് ഇതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഈ രേഖയാണ് ശബരിമല പ്രക്ഷോഭ കാലത്ത് പുനരവതരിപ്പിച്ചത്. ചീരപ്പന്‍ ചിറയുമായി ബന്ധപ്പെട്ട് അമ്പതുകളിലെ കേസാണ് ചെമ്പോലയ്ക്ക് അടിസ്ഥാനം. ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് അവകാശം കിട്ടിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
ഇതോടെ ശബരിമലയിലെ കച്ചവടം ഉള്‍പ്പെടെ എല്ലാം ലേലം പോകാന്‍ തുടങ്ങി. ഇതിനെതിരെയാണ് ചീരപ്പന്‍ ചിറ കോടതിയില്‍ എത്തിയത്. അന്ന് ആ കേസിന് ബലമേകാന്‍ ഒരു രേഖ ആവശ്യമുണ്ടായിരുന്നു. അങ്ങനെ തിരുവനന്തപുരത്തെ വട്ടെഴുത്തു വിദഗ്ധന്‍ തയ്യാറാക്കിയതാണ് ഈ രേഖ. പ്രമുഖ ഗവേഷകന്‍ വി.ആര്‍. പരമേശ്വരന്‍ പിള്ളയാണ് ഈ രേഖ വ്യാജമെന്ന് കണ്ടെത്തിയത്. 1983ല്‍ തന്നോട് ഇക്കാര്യം നേരിട്ടു തന്നെ പറഞ്ഞിട്ടുമുണ്ടെന്ന് ശശിഭൂഷണ്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
ചീരപ്പന്‍ ചിറക്കാര്‍ കോടതിയില്‍ ഹാജരാക്കിയ ചെമ്പോല നൂറു ശതമാനം വ്യാജമാണ്. കടലാസില്‍ എഴുതി തയ്യാറാക്കിയ രേഖ ഏതോ സ്വര്‍ണപണിക്കാരന്റെ സഹായത്താല്‍ ചെമ്പോല ആക്കുകയായിരുന്നു. ഇത് വ്യാജമെന്ന് പരമേശ്വരന്‍ പിള്ള ഉറപ്പിക്കാനുള്ള കാര്യകാരണങ്ങളും ശശിഭൂഷണ്‍ ചൂണ്ടിക്കാട്ടി.
രാജകുടുംബങ്ങള്‍ തയ്യാറാക്കുന്ന ചെമ്പോലയ്ക്ക് കട്ടി കൂടുതലാണ്. ആ കട്ടി ശബരിമല ചെമ്പോലയ്ക്കില്ല. കേരളത്തില്‍ ആയില്യം തിരുനാളാണ് റൗണ്ട് സീല്‍ അവതരിപ്പിച്ചത്. എന്നാല്‍ അതിന് മുമ്പേ തയ്യാറാക്കിയെന്ന് അവകാശപ്പെടുന്ന ചെമ്പോലയില്‍ ഉള്ളത് റൗണ്ട് സീലാണ്. അതില്‍ നിന്ന് തന്നെ കേസിന് വേണ്ടി ഉണ്ടാക്കിയതാണ് ചെമ്പോലയെന്ന് വ്യക്തമാണ്.
ബ്രിട്ടീഷുകാരുടെ സ്വാധീനത്തിലാണ് റൗണ്ട് സീല്‍ വരുന്നത്. അത് ഈ രേഖയില്‍ വന്നത് തന്നെ പിന്നീടെപ്പെഴോ തയ്യറാക്കിയാണ് ഇതെന്നതിന് തെളിവാണ്. ഇക്കാര്യം ഹൈക്കോടതിക്ക് വേണ്ടി നടന്ന പരിശോധനയിലും വ്യക്തമാണ്. പന്തളം രാജകുടുംബം പുറപ്പെടുവിച്ചതാണ് ചെമ്പോല എന്നാണ് അവകാശ വാദം. അതും 1671ല്‍. അക്കാലത്ത് പന്തളം രാജവംശം ഇല്ല. 17ാം നൂറ്റാണ്ടിന്റെ അവസാനം മാത്രമാണ് അവര്‍ പന്തളത്ത് എത്തിയത്. പന്തളത്തിന്റെ ദേശവഴി അനുസരിച്ച് ഈ രേഖയുടെ കാലത്ത് അയിരൂര്‍ രാജവംശമായിരുന്നു അവര്‍.
ചെങ്ങന്നൂരിലെ പാണ്ടനാടായിരുന്നു താമസം. കോന്നിയിലും അച്ചന്‍കോവിലിലും താമസിച്ച ചരിത്രവും ഈ രാജവംശത്തിനുണ്ട്. അതുകൊണ്ട് ഹൈക്കോടതിയിലെ രേഖയില്‍ പന്തളം രാജകുടുംബം എന്ന് വന്നതു തന്നെ തട്ടിപ്പിന് തെളിവാണെന്നാണ് ശശിഭൂഷണ്‍ സമര്‍ഥിക്കുന്നത്. പ്രമുഖ സാഹിത്യകാരന്‍ ഗുപ്തന്‍ നായരുടെ മകനാണ് ശശിഭൂഷണ്‍. അറിയപ്പെടുന്ന ചരിത്രകാരനും.
ശബരിമല പ്രക്ഷോഭകാലത്ത് വാര്‍ത്താപ്രാധാന്യവും തമ്മിലടിയും ഉണ്ടാക്കാനായി ഉപയോഗിച്ചതാണോ ഈ രേഖയെന്ന കാര്യത്തില്‍ സംശയം ദൃഢപ്പെടുകയാണ്. ഈ രേഖ പുറത്തുവിട്ട ചാനലാകട്ടെ ഇക്കാര്യത്തില്‍ ഇതുവരെ ഒരു വിശദീകരണവും നല്‍കിയിട്ടില്ല. ആകാശത്തിനു കീഴെ എന്തിനും അഭിപ്രായം പ്രകടിപ്പിക്കാറുള്ള ചാനല്‍ മേധാവി ഇക്കാര്യത്തില്‍ വിദഗ്ധമായി മൗനം പാലിക്കുകയാണ്. ആര്‍എസ്എസ് പരിവാര്‍ പ്രസ്ഥാനങ്ങള്‍ ഈ ചാനലിനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ പരാതി നല്‍കിയിട്ടുണ്ട്. പന്തളം രാജവംശവും പരാതി നല്‍കിയിട്ടുണ്ട്.