Latest NewsNational

പെഗാസസ്: വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ആരോപണങ്ങള്‍ ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: പെഗാസസ് വിവാദം സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് സുപ്രീം കോടതി. മാധ്യമപ്രവര്‍ത്തകരും എഡിറ്റേഴ്‌സ് ഗില്‍ഡും അടക്കം സമര്‍പ്പിച്ച എട്ട് ഹര്‍ജിയില്‍ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് എന്‍.വി രമണയും ജസ്റ്റീസ് സൂര്യ കാന്തും അടങ്ങുന്ന രണ്ടംഗ ബെഞ്ചിന്റെ പരാമര്‍ശം.

വാര്‍ത്തകള്‍ ശരിയെങ്കില്‍ വിവരങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. വാര്‍ത്തകള്‍ക്കപ്പുറം രേഖകള്‍ വേണം. എന്തുകൊണ്ട് ആരും പരാതി നല്‍കിയില്ല. രണ്ട് രാജ്യങ്ങള്‍ ഈ വിഷയം അന്വേഷിക്കുന്നുണ്ട്. വാര്‍ത്തകള്‍ക്കപ്പുറം വിശ്വാസ്യതയുമുണ്ട്. ഇത് സാധാരണ കുറ്റകൃത്യമല്ല, ഭരണഘടനാ ലംഘനമാന്നെും കോടതി ചൂണ്ടിക്കാട്ടി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജികളില്‍ വാദം ചൊവ്വാഴ്ച തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജിക്കാര്‍ എല്ലാം അവരുടെ ഹര്‍ജിയുടെ പകര്‍പ്പുകള്‍ കേന്ദ്രത്തിന് നല്‍കാനും കോടതി നിര്‍ദേശിച്ചു.

പൗരന്മാരുടെ സ്വകാര്യത എന്ന നിലയിലും വ്യക്തിഗത സ്വകാര്യതയും പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക വേണ്ടി അഭിഭാഷകരിലൊരാളായ അരവിന്ദ് ദട്ടര്‍ ചൂണ്ടിക്കാട്ടി. ഈ കേസിന്റെ തീവ്രത വളരെ വലുതാണെന്നും നിഷ്പക്ഷ അന്വേഷണം പ്രഖ്യാപിക്കണമെന്നും അഡ്വ.ശ്യാം ദിവാന്‍ പറഞ്ഞു. ഈ ചാര സോഫ്‌വേര്‍ ആര് വാങ്ങിയെന്നും എവിടെയാണ് ഇവ സ്ഥാപിച്ചതെന്നും എന്തുകൊണ്ട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേസെടുത്തില്ലെന്നും വ്യക്തമാക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാരസോഫ്ടുവേറുകള്‍ സര്‍ക്കാരുകള്‍ക്ക് മാത്രമാണ് വില്‍ക്കുക. സ്വകാര്യ വ്യക്തികള്‍ക്ക് അവ ലഭ്യമല്ല. എന്‍.എസ്.ഒ ടെനോളജി രാജ്യാന്തര തലത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ സര്‍ക്കാര്‍ ചില വ്യക്തികളെ നിരീക്ഷിച്ചുവെന്നതിന് കൃത്യമായ യാതൊരു തെളിവുമില്ലെന്നും അധികാരമില്ലാതെ ആര്‍ക്കും ഇത്തരം നിരീക്ഷണങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി ജഡ്ജിമാര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി നിരവധി പേരുടെ ഫോണ്‍വിവരങ്ങള്‍ ഇസ്രയേല്‍ കമ്ബനിയായ എന്‍.എസ്.ഒയുടെ പെഗാസസ് ചാരസോഫ്ട്‌വേര്‍ ഉപയോഗിച്ച്‌ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചിത്.

പെഗാസസ് വഴിയുള്ള ഇടപാടുകളും അവ ഉപയോഗിച്ച ആരെയൊക്കെ ലക്ഷ്യമിട്ടിരുന്നുവെന്നും കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടാണ് മാധ്യമപ്രവര്‍ത്തകരായ എന്‍.റാം, ശശി കുമാര്‍ എന്നിവര്‍ കോടതിയെ സമീപിച്ചത്. സി.പി.എം രാജ്യസഭാംഗവും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ്, അഭിഭാഷകനായ എം.എല്‍ ശര്‍മ്മ എന്നിവരും ഹര്‍ജി നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button