പെട്രോളിലെ എഥനോൾ അളവ് 20 ശതമാനമാക്കി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത ഹർജി സുപ്രീംകോടതി തള്ളി
പെട്രോളിലെ എഥനോൾ അളവ് 20 ശതമാനമാക്കി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത ഹർജി സുപ്രീംകോടതി തള്ളിക്കളഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, കേന്ദ്രത്തിന്റെ വിശദീകരണം പരിഗണിച്ച ശേഷമാണ് തീരുമാനം. പൊതുതാൽപര്യ ഹർജിക്കു പിന്നിൽ രാജ്യാന്തര ലോബിയാണെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചിരുന്നു.
എല്ലാ സാങ്കേതികവും സുരക്ഷാ ആശങ്കകളും പരിശോധിച്ച ശേഷമാണ് പെട്രോളിയം മന്ത്രാലയം ഈ തീരുമാനം എടുത്തതെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ നയങ്ങൾ സ്വാധീനിക്കാനാണ് ലോബിയുടെ ശ്രമമെന്നുമായിരുന്നു അറ്റോർണി ജനറലിന്റെ മറുപടി.
പെട്രോളിൽ എഥനോൾ 10 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തുന്നത് വാഹനങ്ങളുടെ മൈലേജിനെ ബാധിക്കുമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. എഥനോളിന് പെട്രോളിനേക്കാൾ ഊർജ സാന്ദ്രത കുറവായതിനാൽ, ഇന്ധനക്ഷമത കുറയാനിടയുണ്ടെന്ന് കേന്ദ്രം തന്നെ അംഗീകരിച്ചിരുന്നു. ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ ഫോർ വീലറുകൾക്ക് 1–2 ശതമാനം, മറ്റ് വാഹനങ്ങൾക്ക് 3–6 ശതമാനം വരെ മൈലേജ് കുറയാമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. എങ്കിലും ഇ10, ഇ20-ന് അനുയോജ്യമായി രൂപകൽപ്പന ചെയ്ത വാഹനങ്ങളിൽ നഷ്ടം 1–2 ശതമാനത്തിനുള്ളിലായിരിക്കും.
അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുക, കാർബൺ പുറന്തള്ളൽ ചുരുക്കുക, കരിമ്പും ധാന്യങ്ങളും ഉപയോഗിച്ച് എഥനോൾ നിർമ്മിച്ച് കർഷകരുടെ വരുമാനം ഉയർത്തുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ വിദേശ ആശ്രയത്വം കുറയ്ക്കാനും പ്രാദേശിക കർഷകരെ സഹായിക്കാനുമാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Tag: Supreme Court dismisses plea challenging central government’s decision to increase ethanol content in petrol to 20 percent