താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചു. കേസില്‍ രണ്ടാം പ്രതിയാണ് താഹ. കേസില്‍ ഒന്നാം പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് അജയ് റസ്തോഗിയും ജസ്റ്റിസ് ശ്രീനിവാസും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
താഹ ഫസലിനെ എത്രയും വേഗം വിചാരണ കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിധിയുടെ പൂര്‍ണരൂപം കോടതിയില്‍ വായിച്ചില്ല. 2019 നവംബറിലാണ് പന്തീരങ്കാവ് യുഎപിഎ കേസിന്റെ ഭാഗമായി താഹ ഫസലിനെയും അലന്‍ ഷുഹൈബിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
പിന്നീട് കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തിരുന്നു. ഇരുവര്‍ക്കും വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലന്റെ ജാമ്യം ശരിവയ്ക്കുകയും ചെയ്തു. ഈ നടപടിയെ ചോദ്യം ചെയ്ത ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. തുടര്‍ന്നാണ് താഹ ഫസലിന് ജാമ്യം നല്‍കി ഉത്തരവുണ്ടായത്.