വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി. കോടതികളുടെ മറിച്ചുള്ള വിധികള്‍ക്ക് മുകളിലാണ് സുപ്രിംകോടതിയുടെ ഈ വിധി. വിവാഹ മോചനം നേടിയ സ്ത്രീയ ഭര്‍ത്താവിനോ അവരുടെ കുടുംബത്തിനോ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കില്ലെന്നും ആ വീട്ടില്‍ തന്നെ താമസം തുടരാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി വിധിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
മകന്റെ ഭാര്യക്കെതിരേ ഡല്‍ഹിയിലെ സതീഷ് ചന്ദ്ര അഹൂജ നല്‍കിയ പരാതിയിലാണ് സുപ്രീംകോടതി വിധിപറഞ്ഞത്. വീടിന്റെ മുകളിലെ നിലയിലാണ് അഹൂജയുടെ മൂത്തമകനും ഭാര്യയും താമസിച്ചിരുന്നത്. ഇതിനിടെ അവര്‍ തമ്മില്‍ അകലുകയും വിവാഹമോചനക്കേസ് ഫയല്‍ ചെയ്യുകയുമുണ്ടായി. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരേ ഭാര്യ ഗാര്‍ഹിക പീഡന പരാതിയും നല്‍കി. ഈ സാഹചര്യത്തിലാണ് മകന്റെ ഭാര്യ താമസം ഒഴിയണമെന്ന് അഹൂജ ആവശ്യപ്പെട്ടത്.