റിപ്പബ്ളിക് ദിനത്തിലെ ട്വീറ്റ്: ശശി തരൂരിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: റിപ്പബ്ളിക് ദിനത്തില്‍ നടന്ന കര്‍ഷകസമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി ശശി തരൂരിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി വിലക്കി. രണ്ടാഴ്ചയക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ച കോടതി, അതുവരെ തരൂരിനെയും ആറ് മാദ്ധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്കി. തരൂരിനൊപ്പം ആറു മാദ്ധ്യമപ്രവര്ത്തര്ക്കെതിരെയും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു.
ചീഫ് ജസ്റ്റിന് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തരൂരിന്റെ അറസ്റ്റ് തടഞ്ഞത്. ഡല്‍ഹി പൊലീസിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായപ്പോള്‍, പ്രതിഭാഗത്തിനായി കപില്‍ സിബല്‍ ഹാജരായി. കേസ് പരിഗണിക്കുന്നതുവരെ നടപടി സ്വീകരിക്കരുതെന്ന സിബലിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ശശി തരൂര്‍ അടക്കമുള്ളവര്‍ക്കെതിരെ നോയ്ഡ പൊലീസ് കേസെടുത്തത്.