Latest NewsNationalNewsUncategorized

പൗരന്മാർ അവരുടെ ആവലാതികൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് തടയരുത്; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി

ന്യൂഡെൽഹി: പൗരന്മാർ അവരുടെ ആവലാതികൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് തടയരുതെന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പു നൽകി സുപ്രീംകോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. ഓക്സിജൻ, മരുന്ന് വിതരണം, വാക്സിൻ എന്നിവയുമായി ബന്ധപ്പെട്ട് സ്വമേധയാലുള്ള ഹർജിയിൽ വാദം കേൾക്കെയാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്. രാജ്യത്തുടനീളം കൊറോണ തീവ്രമായി വ്യാപിക്കുന്നതിനിടെ പൗരന്മാർ അവരുടെ ദുരിതം സംബന്ധിച്ച്‌ സാമൂഹിക മാധ്യമങ്ങളിലും ഇന്റർനെറ്റിലും ആശയവിനിമയം നടത്തുന്നുണ്ടെങ്കിൽ അത് തെറ്റായ വിവരമാണെന്ന് പറയാനാവില്ലെന്ന് പറഞ്ഞ കോടതി അതിന്റെ പേരിൽ ഏതെങ്കിലും പൗരനെ സംസ്ഥാന സർകാരുകളും പൊലീസും ഉപദ്രവിക്കാൻ നിന്നാൽ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും വ്യക്തമാക്കി. ഈ സന്ദേശം എല്ലാ സംസ്ഥാനങ്ങൾക്കും ഡിജിപിമാർക്കും പോകട്ടെയെന്നും കോടതി നിർദേശിച്ചു.

സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വിവരം പങ്കുവെച്ചെന്നാരോപിച്ച്‌ ദേശീയ സുരക്ഷാ നിയമം ആളുകളുടെ മേൽ ചുമത്തണമെന്ന ഉത്തർപ്രദേശ് സർകാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. സംസ്ഥാനത്ത് യാതൊരു ഓക്സിജൻ പ്രതിസന്ധിയും ഇല്ല. ഇത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കുകയും സ്വത്ത് കണ്ടുകെട്ടുകയും ചെയ്യുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

‘ഒരു പൗരൻ എന്ന നിലയിലും ഒരു ന്യായാധിപൻ എന്ന നിലയിലും എന്നെ സംബന്ധച്ചിടത്തോളം വലിയ ആശങ്കയുണ്ടാക്കുന്നു. പൗരന്മാർ അവരുടെ ആവലാതികൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയാണെങ്കിൽ ആ ആശയവിനിമയത്തെ തടസപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവരുടെ ശബ്ദം നമുക്ക് കേൾക്കാം. ബെഡ് വേണമെന്നോ ഓക്സിജൻ വേണമെന്നോ ആവശ്യപ്പെട്ടതിന്റെ പേരിൽ ഒരു പൗരനെ ഉപദ്രവിച്ചാൽ ഞങ്ങളത് കോടതിയലക്ഷ്യമായി കാണും. നമ്മൾ വലിയൊരു പ്രതിസന്ധിയിലാണ്’ എന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button