”കരൂർ ദുരന്തത്തിന്റെ അന്വേഷണം സി.ബി.ഐക്ക്” സുപ്രീംകോടതി

കരൂർ ദുരന്തത്തിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തമിഴ്നടനും ടി.വി.കെ അധ്യക്ഷനുമായ വിജയിയുടെ ഹരജിയിലാണ് കോടതി ഈ തീരുമാനം കൈക്കൊണ്ടത്. അന്വേഷണം കോടതി മേൽനോട്ടത്തിൽ നടക്കും. ജസ്റ്റിസ് അജയ് രസ്തോഗിയുടെ നേതൃത്വത്തിലുള്ള സമിതിയാകും അന്വേഷണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക.
സമിതിയിൽ തമിഴ്നാട് കേഡറിൽ നിന്നുള്ള രണ്ട് ഐ.പി.എസ്. ഓഫീസർമാരും ഉൾപ്പെടും. സി.ബി.ഐ അന്വേഷണത്തിന്റെ പുരോഗതി ഓരോ മാസവും സമിതിക്ക് റിപ്പോർട്ട് ചെയ്യേണ്ടതായിരിക്കും.
മദ്രാസ് ഹൈകോടതിയുടെ നടപടികളെ സുപ്രീംകോടതി കടുത്ത വിമർശനത്തിന് വിധേയമാക്കി. ഹൈകോടതിയുടെ ഇടപെടൽ നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
മുമ്പ് ടി.വി.കെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ, റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര അന്വേഷണ സമിതിയാണ് ആവശ്യമെന്നായിരുന്നു വാദം. തമിഴ്നാട് പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും, സർക്കാർ അന്വേഷണത്തിൽ സ്വാധീനമേൽപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും ടി.വി.കെ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പരിപാടിക്ക് പൊലീസ് അനുവദിച്ച സ്ഥലപരിമിതിയും അപകടത്തിന് കാരണമായ ഘടകങ്ങളിൽ ഒന്നായിരുന്നുവെന്ന് ഹരജിയിൽ പരാമർശിച്ചിട്ടുണ്ട്. 2024-ൽ എഐഎഡിഎംകെ സംഘടിപ്പിക്കാൻ ശ്രമിച്ചപ്പോൾ അതേ സ്ഥലത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നതായും ടിവികെ പറഞ്ഞു. ജനക്കൂട്ടത്തിനിടയിൽ പൊലീസ് ലാത്തി വീശിയത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചെന്നും, നമ്പർപ്ലേറ്റ് ഇല്ലാത്ത ആംബുലൻസ് ജനക്കൂട്ടത്തിലേക്ക് കയറിയതും അതിനുശേഷം ഉണ്ടായ അനിയന്ത്രിതാവസ്ഥയും അപകടത്തിന് കാരണമായെന്നും ടിവികെ ആരോപിച്ചു. ആംബുലൻസ് മന്ത്രി സെന്തിൽ ബാലാജിയുടേതാണെന്നും ഹരജിയിൽ ആരോപണമുണ്ട്.
Tag: Supreme Court orders CBI to investigate Karur tragedy