മൊബൈൽ ഫോൺ പണം കൊടുത്ത് വാങ്ങാൻ കഴിയുന്നവർക്ക് വാക്‌സിനും പണം നൽകി വാങ്ങാം; ബിജെപി നേതാവ് ജയസൂര്യൻ.
തിരുവനന്തപുരം: മൊബൈൽ ഫോൺ പണം കൊടുത്ത് വാങ്ങാൻ കഴിയുന്നവർക്ക് വാക്‌സിനും പണം നൽകി വാങ്ങാമെന്ന് ബിജെപി നേതാവ് ജയസൂര്യൻ. രാജ്യത്ത് 90 ശതമാനം പേരുടെയും കൈയിൽ മൊബൈൽ ഫോണുണ്ട്. അവരാരും പൈസയില്ലെന്ന് പറഞ്ഞിട്ടില്ലല്ലോയെന്നാണ് ജയസൂര്യൻ ചോദിച്ചത്. പണം കൊടുത്ത് വാങ്ങേണ്ടതാണെന്ന് കണ്ടാൽ കാശുള്ളവൻ പണം കൊടുത്ത് വാങ്ങുമെന്നും ജയസൂര്യൻ പറഞ്ഞു.
”രാജ്യത്തെ ജനസംഖ്യയിൽ ഏകദേശം 90 ശതമാനം പേരുടെയും കൈയിൽ മൊബൈൽ ഫോൺ എത്തി കഴിഞ്ഞു. പൈസയില്ലെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. അവരൊക്കെ മൊബൈൽ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടല്ലോ?. അപ്പോൾ പണം കൊടുത്ത് വാങ്ങേണ്ടതാണെന്ന് കണ്ടാൽ കാശുള്ളവൻ പണം കൊടുത്ത് വാങ്ങും. തീരെ പണമില്ലാത്തവർക്ക് 50 ശതമാനം സൗജന്യം കൊടുക്കുകയും ചെയ്യാം. ഇത് സംസ്ഥാന സർക്കാരുകൾ കൃത്യമായി നടപ്പിലാക്കിയാൽ ഈ പറഞ്ഞ ആശങ്ക എല്ലാം ഒഴിവാകും.”
”കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്ന സൗജന്യ വാക്‌സിൻ ആർക്കൊക്കെ കൊടുക്കാമെന്ന് വിവേചനാധികാരം ഉപയോഗിച്ച് സംസ്ഥാനത്തിന് തീരുമാനിക്കാം. പാവപ്പെട്ടവർക്ക് സൗജന്യ വാക്‌സിൻ. പണമുള്ളവർക്ക് പണം കൊടുത്ത് വാങ്ങാം. ഇതിന്റെ ലിസ്റ്റ് സംസ്ഥാനങ്ങൾക്ക് കൃത്യമായി വേർതിരിച്ച്, നടപ്പാക്കാവുന്നതാണ്. കാരണം സംസ്ഥാനത്തിന്റെ കൈയിൽ ഈ ലിസ്റ്റ് ഉണ്ടല്ലോ. ഈ ചുമതല സംസ്ഥാനങ്ങൾ ഫലപ്രദമായി ഉപയോഗിച്ചാൽ പ്രശ്‌നം പരിഹരിക്കാം.”
”ആരോഗ്യ സംരക്ഷണമെന്നത് കേന്ദ്രത്തിന്റെ മാത്രം ചുമതല അല്ല. സംസ്ഥാനങ്ങളുടേത് കൂടിയാണ്. മുഖ്യമന്ത്രി പിണറായി നേരത്തെ പറഞ്ഞു, ഞങ്ങൾ സൗജന്യ വാക്‌സിൻ നൽകും. വാക്‌സിൻ ഇവിടെയുണ്ടാക്കും. ക്യൂബയിൽ നിന്ന് കൊണ്ടുവരും. ഇത് രണ്ടും നടന്നില്ല. കേരള മുഖ്യമന്ത്രി ഇവിടെയൊരു പോസ്റ്റ്മാൻ മാത്രമാണ്. കേന്ദ്രത്തിൽ നിന്ന് കിട്ടിയാൽ കൊടുക്കും. അല്ലെങ്കിൽ കൊടുക്കില്ല. മാറ്റി വച്ചെന്ന് പറയുന്ന ആയിരക്കണക്കിന് കോടി രൂപ എന്തുകൊണ്ടാണ് വാക്‌സിൻ വാങ്ങാൻ ഉപയോഗിക്കാത്തത്. ഈ ചോദ്യത്തിന് വേണം ആദ്യം മറുപടി നൽകാൻ.”
”കേന്ദ്രം രാജ്യത്ത് 50 ശതമാനം വാക്‌സിൻ സൗജന്യമായി കൊടുക്കുന്നുണ്ട്. ബാക്കി 50 ശതമാനം പണം കൊടുത്ത് സംസ്ഥാനങ്ങൾക്ക് വാങ്ങിക്കാം. അങ്ങനെ വാങ്ങിക്കാൻ എല്ലാവരും കാത്തിരിക്കണമെന്നില്ല. മുഴുവൻ പേർക്കും സൗജന്യ വാക്‌സിൻ ലഭിക്കും. കേന്ദ്രത്തിന്റെ മുന്നിലുള്ള സാമ്പത്തികവും ദൗത്യവും സംസ്ഥാനങ്ങളുടേത് പോലെ ചെറുതല്ല. വളരെ വലുതാണ്.”