ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രളയത്തിനും മണ്ണിടിച്ചിലുകൾക്കും കാരണം അനധികൃത മരംമുറിയെന്ന് സുപ്രീംകോടതി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രളയത്തിനും മണ്ണിടിച്ചിലുകൾക്കും കാരണം അനധികൃത മരംമുറിയെന്ന് സുപ്രീംകോടതി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലെ പ്രകൃതിക്ഷോഭത്തെക്കുറിച്ച് ഹിമാലയൻ മേഖലയിലെ പരിസ്ഥിതി തകർച്ച ചൂണ്ടിക്കാട്ടി നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ച് ഈ അഭിപ്രായം രേഖപ്പെടുത്തിയത്.
വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിൽ സമതുലിതാവസ്ഥ പുലർത്തേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. സംഭവത്തിൽ കേന്ദ്രസർക്കാരിനോടും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോടും നിലപാട് തേടുകയും, പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, എൻഎച്ച്എഐ, ഹിമാചൽ, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, പഞ്ചാബ് സർക്കാരുകൾക്കും നോട്ടീസ് അയയ്ക്കുകയും ചെയ്തു.
“മുമ്പ് ഒരിക്കലും അനുഭവിക്കാത്ത തരത്തിലുള്ള മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായിരിക്കുന്നത്. പഞ്ചാബിൽ വയലുകളും വിളകളും വെള്ളത്തിനടിയിലായി. വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിൽ തുലനം ഉറപ്പാക്കണം,” ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ രണ്ട് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
കനത്ത മഴ മൂലം ഉത്തരേന്ത്യയിൽ പ്രളയബാധ തുടരുകയാണ്. ജമ്മു കശ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ അടുത്ത രണ്ടുദിവസവും ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുണ്ട്. ഹിമാചലിൽ മാത്രം ആറുപേർ കൂടി മരിച്ചതായി റിപ്പോർട്ടുകളുണ്ട്. കുളുവിൽ വീടുകൾ തകർന്നതോടെ 1300 റോഡുകൾ മണ്ണിടിച്ചിലിൽ അടഞ്ഞു. അപകട സാധ്യത കാരണം 280 റോഡുകൾ അടച്ചിട്ടിട്ടുണ്ട്. ജമ്മു കശ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഡൽഹിയും പ്രളയഭീതിയിൽ കഴിയുകയാണ്. പ്രളയബാധിത സംസ്ഥാനങ്ങൾക്ക് അടിയന്തര സഹായപാക്കേജ് പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
Tag: Supreme Court says illegal logging is the cause of floods and landslides in North Indian states