റാഗിങ്ങും ജാതി വിവേചനങ്ങളും ലൈംഗികാതിക്രമങ്ങളും തടയാൻ നിയമം കർക്കശമാക്കാൻ യുജിസിയോടു സുപ്രിം കോടതി

ന്യൂഡൽഹി∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങും ജാതി വിവേചനങ്ങളും ലൈംഗികാതിക്രമങ്ങളും തടയുന്നതിനു നിയമം കർക്കശമാക്കാൻ യുജിസിക്ക് നിർദേശം നൽകി സുപ്രിം കോടതി. രണ്ടു മാസത്തിനകം ഇതിന്റെ കരടു രൂപരേഖ തയാറാക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ജാതി വിവേചനത്തിന് ഇരകളായി ആത്മഹത്യ ചെയ്ത വിദ്യാർഥികളായ രോഹിത് വെമുലയുടെയും പായൽ തദ്വിയുടെയും അമ്മമാർ ഫയൽ ചെയ്ത പൊതുതാൽപര്യ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്. ജാതിയുടെയും ലിംഗത്തിന്റെയും ഭിന്നശേഷിയുടെയും പേരിലുള്ള വിവേചനങ്ങൾ കർശനമായി തടയണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനങ്ങൾ തടയാനുള്ള നടപടിക്രമങ്ങൾ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവേചനങ്ങൾ തടയുന്നതിനായി ഈക്വൽ ഓപ്പർചൂനിറ്റി സെല്ലുകൾ രൂപീകരിച്ചിട്ടുണ്ടെന്നും ലഭിച്ച പരാതികളിൽ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കാൻ സുപ്രിം കോടതി നിർദേശിച്ചിരുന്നു.