കീം റാങ്ക് പട്ടിക റദ്ദാക്കിയതിനെതിരായ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കേരള ഇൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ (KEAM) റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും എ.എസ്. ചന്ദുർക്കറും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികളിൽ വാദം കേൾക്കുന്നത്.
റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതിയുടെ തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാന സിലബസ് വിദ്യാർത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പുതിയ പ്രോസ്പെക്ടസില്‍ വന്ന മാറ്റങ്ങള്‍ തങ്ങള്‍ക്ക് നീതി ഉറപ്പാക്കിയതാണെന്നും 14 വര്‍ഷമായി നിലനിന്ന അനീതിയ്ക്കെതിരെ ഇതൊരു നിർണായക നടപടിയാണെന്നും ഇവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
കേരള സര്‍ക്കാരിന് പ്രവേശന നടപടികളുമായി ബന്ധപ്പെട്ട പ്രോസ്പെക്ടസ് തിരുത്താനുള്ള അവകാശമുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. പഴയ പ്രോസ്പെക്ടസ് സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അന്യായമായ മുന്‍ഗണന നൽകുന്നതായും അത് ഭരണഘടനാപരമായ തുല്യതയ്ക്കെതിരാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സിബിഎസ്ഇ വിദ്യാർത്ഥികൾ നൽകിയ ഹര്‍ജിയും ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നേക്കും. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി തീരുമാനം എടുത്തതെന്ന് അവർ ആരോപിക്കുന്നു.
കൂടാതെ, സുപ്രീംകോടതി ഹര്‍ജിയിൽ നോട്ടീസ് നൽകുകയാണെങ്കില് ഹര്‍ജിക്കാരെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കും. അതേസമയം, പ്രവേശന നടപടികൾക്ക് ദീര്ഘവിലമ്പം ഉണ്ടാകുമെന്നും അതിനാലാണ് സുപ്രീംകോടതിയിലേക്കുള്ള അപ്പീൽ വേണ്ടെന്ന നിലപാട് തുടക്കത്തിൽ സർക്കാർ സ്വീകരിച്ചത്.
ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് പട്ടികയെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സർക്കാരിന്റെ നിർദേശപ്രകാരം പ്രോസ്പെക്ടസില്‍ വരുത്തിയ മാറ്റം നിയമവിരുദ്ധമാണെന്നും നീതികരിക്കാനാകില്ലെന്നും കോടതി കണ്ടെത്തിയിരുന്നു.
ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. എന്നാൽ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. തുടർന്ന് സർക്കാർ പഴയ ഫോർമുല പ്രകാരമുള്ള റാങ്ക് പട്ടിക മുടക്കാതെ പ്രസിദ്ധീകരിച്ചു.
പുതിയ പട്ടിക പ്രകാരം 76,230 വിദ്യാർത്ഥികൾക്ക് യോഗ്യത ലഭിച്ചെങ്കിലും റാങ്ക് നിലയിൽ വലിയ വ്യത്യാസമുണ്ടായി. മുൻ പട്ടികയിൽ ആദ്യ 100 റാങ്കിൽ 43 പേര് കേരള സിലബസിൽ നിന്നുള്ളവരായിരുന്നതിനിടെ, പുതുക്കിയ പട്ടികയിൽ ആ എണ്ണം 21 ആയി കുറഞ്ഞു. ഇതിനെ തുടർന്നാണ് സംസ്ഥാന സിലബസ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
Tag: Supreme Court to hear appeal against cancellation of KEEM rank list today