കയ്യാങ്കളി കേസ് പ്രതികള്‍ വിചാരണ നേരിടണം: സുപ്രീംകോടതി.
ഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ അടിപതറി സര്‍ക്കാര്‍. അക്രമാസക്ത രീതിയിലേക്ക് നിയമസഭയെ കൊണ്ടെത്തിച്ച ഏറെ വിവാദമായിരുന്ന നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.
കയ്യാങ്കളി കേസ് അവസാനിപ്പിക്കണമെന്ന ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ കോടതി പ്രതികളെല്ലാവരും വിചാരണ നേരിടണമെന്ന് വ്യക്തമാക്കുകയും സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രി ഇപി ജയരാജന്, മുന്‍മന്ത്രിയും നിലവില്‍ എംഎല്‍എയുമായ കെടി ജലീല്‍, മുന്‍ എംഎല്‍എമാരായ സികെ സദാശിവന്, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ പ്രതി പട്ടികയിലുള്ളത്.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് സര്‍ക്കാര്‍ ഹര്‍ജി പരിഗണിച്ചത്. 2015 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ധനമന്ത്രി കെ എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടയായിരുന്നു ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പടെ നിയമസഭയെ അക്രമാസക്തമാക്കിയത്. സഭയില്‍ മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് നിയമസഭാ സെക്രട്ടറിയുടെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. എന്നാല്‍ ഈ കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിയ കോടതി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണെന്നും എംഎല്‍എമാരുടെ പ്രവര്‍ത്തനം ഭരണഘടന ലംഘനമാണെന്നും പറഞ്ഞു. അതേസമയം ഭരണഘടന നല്കുന്ന അവകാശങ്ങളുടെ അതിര് ഭേദിക്കുന്ന തരത്തിലുള്ള അക്രമണമാണ് നിയമസഭയില്‍ നടന്നതെന്നും കോടതി വ്യക്തമാക്കി.