വ്യാജ പരാതി നൽകി വോട്ടർ പട്ടികയിൽ നിന്നും തന്റെ പേര് നീക്കം ചെയ്യിച്ചു; പ്രതിഷേധവുമായി സുരഭി ലക്ഷ്മി

കോഴിക്കോട്: വ്യാജ പരാതി നൽകി വോട്ടർ പട്ടികയിൽ നിന്നും തന്റെ പേര് ചിലർ നീക്കം ചെയ്യിച്ചുവെന്ന ആരോപണവുമായി നടി സുരഭി ലക്ഷ്മി. ഫേസ്ബുക്കിലൂടെയാണ് സുരഭി ലക്ഷ്മിയുടെ പ്രതികരണം. വ്യാജ പരാതി നൽകി വോട്ടർ പട്ടികയിൽ നിന്നും തന്റെയും സഹോദരിയുടെയും പേര് ചില തത്പര കക്ഷികൾ നീക്കം ചെയ്യിച്ചുവെന്നാണ് സുരഭി ലക്ഷ്മി പറയുന്നത്.
ഹിയറിംഗ് പോലും നടത്താതെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഒരു പൗരന്റെ ജനാധിപത്യാവകാശം ഹനിക്കാൻ കൂട്ടുനിന്ന ചില തത്പരകക്ഷികൾ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും താരം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
നരിക്കുനി ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ, ബൂത്ത് 134 ൽ വോട്ടറായ ഞാൻ, അമ്മയുടെ ചികിത്സാവശ്യാർത്ഥം താല്ക്കാലികമായി താമസം മാറിയപ്പോൾ, ഞാൻ സ്ഥലത്തില്ലാ എന്ന പരാതി കൊടുപ്പിച്ച്, എന്നെയും ചേച്ചിയെയും വോട്ടർ പട്ടികയിൽ നിന്നും, ഹിയറിങ്ങ് പോലും നടത്താതെ ഒഴിവാക്കിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഒരു പൗരൻ്റെ ജനാധിപത്യാവകാശം ഹനിക്കാൻ കൂട്ടുനിന്ന ‘ചില തൽപരകക്ഷികൾ’ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്!!