പുതുച്ചേരിയില്‍ ആഡംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസ്; സുരേഷ് ഗോപി ജാമ്യമെടുത്തു

കൊച്ചി: വ്യാജവിലാസത്തില്‍ പുതുച്ചേരിയില്‍ ആംഡബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി കോടതിയിലെത്തി ജാമ്യമെടുത്തു.
പുതുച്ചേരി രജിസ്ട്രേഷനില്‍ രണ്ട് ഓഡി കാറുകള്‍ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. പുതുച്ചേരി ചാവടിയിലെ കാര്‍ത്തിക അപാര്‍ട്മെന്റില്‍ വാടകയ്ക്ക് താമസിക്കുന്നുവെന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് വാഹനങ്ങള്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്.
2016 ല്‍ ആയിരുന്നു 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യൂ 7 എന്ന കാര്‍ സുരേഷ് ഗോപി വ്യാജ വിലാസത്തില്‍ പുതുച്ചേരി രജിസ്റ്റര്‍ ചെയ്തത്.20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഡംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും.
ഇതൊഴിവാക്കാനാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പുതുച്ചേരിയില്‍ ഫ്ളാറ്റ് ടാക്സ്. മിക്ക ആഡംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും