‘നല്ല വിദ്യാഭ്യാസം ഉള്ള വിദ്യാഭ്യാസ മന്ത്രി കേരളത്തിൽ വരട്ടെ’: മന്ത്രി വി. ശിവൻകുട്ടിയെ പരോക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പരോക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നല്ല വിദ്യാഭ്യാസമുള്ള ഒരാൾ കേരളത്തിൽ വിദ്യാഭ്യാസ മന്ത്രിയായി വരണമെന്ന് വട്ടവട കോവിലൂരിൽ സംഘടിപ്പിച്ച ‘കലുങ്ക് സൗഹൃദ സദസ്സി’ൽ സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതി വേണ്ടെന്ന് വെച്ച് ലൈഫ് മിഷനിൽ വീട് നൽകുമെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ വാക്ക് പാലിച്ചില്ലെന്ന് സുരേഷ് ഗോപി ആരോപിച്ചു. ജനങ്ങളെ വഞ്ചിക്കുന്നവരെ റോഡിൽ പിടിച്ചുനിർത്തി ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വട്ടവട പഞ്ചായത്തിലെ 18 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചു. പിന്നാക്ക പഞ്ചായത്തായ വട്ടവടയിലെ ജനങ്ങൾ റോഡ്, സ്കൂൾ, കൃഷി, വന്യമൃഗശല്യം, ആശുപത്രി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മന്ത്രിക്ക് മുൻപിൽ പരാതിയായി ഉന്നയിച്ചു.
കലുങ്ക് സദസ്സിന് മുൻപായി സുരേഷ് ഗോപിയും സംഘവും മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചു.
ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി. സാനു, ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ ഉപാധ്യക്ഷൻ നോബിൾ മാത്യു, ജില്ലാ ജനറൽ സെക്രട്ടറി അളകർരാജ് ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
Tag: Suresh Gopi indirectly criticizes Minister V. Sivankutty