ഓര്‍ഡര്‍ ചെയ്ത കാപ്പി കപ്പുകളില്‍ ഡെലിവറി ജീവനക്കാരന്‍ തുപ്പി, വീഡിയോ വൈറല്‍, ജീവനക്കാരന്‍ അറസ്റ്റില്‍
റിയാദ്: ഓര്‍ഡര്‍ ചെയ്ത കാപ്പി കപ്പുകളില്‍ ഡെലിവറി ജീവനക്കാരന്‍ തുപ്പുന്ന വീഡിയോ വൈറലായതോടെ ജീവനക്കാരന്‍ അറസ്റ്റില്‍. മുപ്പതു വയസ്സുള്ള പാകിസ്ഥാനി ഡെലിവറി ജീവനക്കാരനാണ് സംഭവത്തില്‍ അറസ്റ്റിലായത്. സൗദി അറേബ്യയിലാണ് സംഭവം. ഓര്‍ഡര്‍ ചെയ്ത കാപ്പിയുടെ കപ്പുകളില്‍ തുപ്പിയ ഡെലിവറി ജീവനക്കാരനെ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസാണ് അറിയിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.
ഒരു വനിതാ ഉപയോക്താവ് റിയാദിലെ പ്രശസ്തമായ കോഫി ഷോപ്പില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത കാപ്പി അവരുടെ വീട്ടിലെത്തിക്കുന്നതിനിടെയാണ് കാപ്പി കപ്പിന് മുകളില്‍ ഡെലിവറി ആപ് കമ്പനി ജീവനക്കാരന്‍ തുപ്പിയത്. ഉപയോക്താവിന്റെ വീടിന് മുമ്പില്‍ വെച്ചാണ് സംഭവം നടന്നത്. താന്‍ വീടിന് മുമ്പില്‍ ഓര്‍ഡര്‍ ചെയ്ത കാപ്പിയുമായി എത്തിയെന്ന് ഫോണില്‍ ബന്ധപ്പെട്ട് ഉപയോക്താവിനെ ഡെലിവറി ജീവനക്കാരന്‍ അറിയിച്ചു.
തുടര്‍ന്ന് ഓര്‍ഡര്‍ സ്വീകരിക്കാന്‍ കുട്ടികള്‍ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ വീട്ടിലെ സിസിടിവി നിരീക്ഷിച്ചപ്പോഴാണ് ഡെലിവറി ജീവനക്കാരന്‍ കാപ്പി കപ്പുകളില്‍ തുപ്പുന്നത് ഇവരുടെ ശ്രദ്ധയില്‍പെട്ടത്്. കാപ്പി കപ്പുകളുടെ മൂടികള്‍ക്ക് മുകളില്‍ തുപ്പിയ ശേഷം പിന്നീട് കൈകൊണ്ട് തുടയ്ക്കുകയായിരുന്നു. ഇത് കണ്ടശേഷം് കാപ്പി ഉപയോഗിക്കാതെ ഉപയോക്താവ് വീഡിയോ സഹിതം ഡെലിവറി ആപ് കമ്പനിയില്‍ പരാതിപ്പെടുകയായിരുന്നു.
ഓര്‍ഡര്‍ ചെയ്ത പ്രകാരം ഇവര്‍ അടച്ച പണം കമ്പനി തിരികെ നല്‍കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിലടക്കം ഈ വീഡിയോ പ്രചരിച്ചിരുന്നു. ഈ വീഡിയോ വൈറലായതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡെലിവറി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ നിയമ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് വക്താവ് വ്യക്തമാക്കി.