പശ്ചിമ ബംഗാൾ മുൻ ചീഫ് സെക്രട്ടറിക്ക് ദുരന്തനിവാരണ നിയമപ്രകാരം കാരണംകാണിക്കൽ നോട്ടിസ്
ന്യൂഡൽഹി: പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര സർക്കാർ ദുരന്തനിവാരണ നിയമമനുസരിച്ച് കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ചുഴലിക്കാറ്റ് അവലോകന യോഗത്തിൽ പങ്കെടുക്കാത്തതിനാണ് നോട്ടിസ് അയച്ചത്. മൂന്ന് ദിവസത്തിനകം മറുപടി നൽകണം. പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയായി കഴിഞ്ഞ ദിവസം വിരമിച്ച ആലാപൻ ബന്ദോപാധ്യായക്കാണ് കേന്ദ്രം നോട്ടിസ് അയച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ അദ്ദേഹത്തിന്റെ കാലാവധി മൂന്ന് മാസം നീട്ടി നൽകിയെങ്കിലും അത് നിരസ്സിച്ചാണ് ആലാപൻ വിരമിച്ചത്. അന്നുതന്നെ മമതാ ബാനർജി അദ്ദേഹത്തെ മുഖ്യഉപദേഷ്ടാവായി നിയമിക്കുകയുംചെയ്തു.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പേഴ്‌സണൽ ആന്റ് ട്രയിനിങ് വിഭാഗമാണ് അദ്ദേഹത്തോട് ഡൽഹി നോർത്ത് ബ്ലോക്കിൽ ഹാജാവാൻ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നത്. ഇപ്പോഴത്തെ നോട്ടിസിൽ നടപടിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ പ്രധാനമന്ത്രിയുടെ യോഗം ബഹിഷ്‌കരിച്ച് ഉടൻ ആണ് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയെ മമതാ ബാനർജിയും ബന്ദോബാധ്യയും അരമണിക്കൂറോളം കാത്തിരുത്തിയെന്നാണ് കേന്ദ്രത്തിന്റെ ആരോപണം. മമതാ ബാനർജി ആരോപണം നിഷേധിച്ചു. ചുഴലിക്കാറ്റ് സംബന്ധിച്ച എല്ലാ റിപോർട്ടും നൽകിയതായി മമത അറിയിച്ചു.
ചീഫ് സെക്രട്ടറിയെ ഡൽഹിയിലേക്ക് തിരിച്ചു വിളിച്ച കേന്ദ്രസർക്കാർ നടപടിക്ക് എതിരെ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയെ ഡൽഹിയിലേക്ക് അയയ്ക്കാൻ സാധിക്കില്ലെന്ന് മമത കത്തിൽ വ്യക്തമാക്കി. ബന്ദോപാധ്യായയോട് ഇന്ന് രാവിലെ പത്തിന് ഡൽഹിയിൽ ഹാജരാകാനാണ് നിർദേശം നൽകിയത്. എന്നാൽ ചീഫ് സെക്രട്ടറി സംസ്ഥാനത്ത് തുടരുമെന്നും സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി തന്റെ കത്തിലൂടെ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യാസ് ചുഴലിക്കാറ്റ് അവലോകന യോഗത്തിൽ നിന്ന് മമതയും ചീഫ് സെക്രട്ടറിയും പെട്ടെന്ന് മടങ്ങിയതിന് പിന്നാലെയായിരുന്നു ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്.