ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ല, ഡിസിപി സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ കുറിപ്പ്

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്കായി ചായയും ലഘുഭക്ഷണവും ഒരുക്കിയതിന്റെ പേരില്‍ ഡിസിപി ഐശ്വര്യ ഡോങ്റെ സസ്പെന്‍ഡ് ചെയ്ത പൊലീസുദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. മരണം കൊണ്ട് എല്ലാം അവസാനിക്കില്ലെന്നും ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ലെന്നുമാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട സിപിഒ പിഎസ് രഘുവിന്റെ പോസ്റ്റ്. ഇരുപതിലധികം ഗുഡ് സര്‍വ്വീസ് എന്‍ട്രികള്‍ നേടിയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
‘മരണം കൊണ്ട് എല്ലാം അവസാനിക്കുമോ… ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ല. നല്ല ചങ്കൂറ്റമുള്ളവരാണ്’, എന്നാണ് രഘു ഫേസ്ബുക്കില്‍ കുറിച്ചത്. രഘുവിന്റെ പോസ്റ്റ് ഇതിനോടകം തന്നെ പൊലീസുകാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. രഘുവിനോടൊപ്പം നില്‍ക്കണമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ വൈന്‍ഡിംഗ് മെഷീന്‍ ഉള്‍പ്പെടെ സ്ഥാപിച്ചത് മേലുദ്യോഗസ്ഥരെ അറിയിക്കാതെയാണെന്ന് ആരോപിച്ച് പിഎസ് രഘുവിനെ ഡിസിപി ഐശ്വര്യ ഡോങ്റെ സസ്പെന്‍ഡ് ചെയ്തത്.
പൊലീസ് സ്റ്റേഷന്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു രഘുവിന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലെ പൊലീസുകാര്‍ത്തന്നെ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതി നടപ്പാക്കിയത്. ഇതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുവരെ അഭിനന്ദനമെത്തിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി. പൊലീസ് പൊതുജനങ്ങളുമായി സൗഹൃദത്തില്‍ മുന്നോട്ടുപോകണമെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അക്ഷയപാത്രം എന്ന പേരില്‍ പദ്ധതി നടപ്പിലാക്കിയത്.