ഫയലുകൾ മാറ്റിയതിൽ ദുരൂഹത

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം വന്നതിനു പിറകെ സെക്രട്ടേറിയറ്റിൽ നിന്നു
ഇത് സംബന്ധിച്ച ഫയലുകൾ മാറ്റിയതിൽ ദുരൂഹത. വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുമെന്ന് പറഞ്ഞ സംഭവത്തിൽ ഒർജിനൽ ഫയലുകൾ എന്തിനു മാറ്റി എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. തദ്ദേശഭരണ വകുപ്പിൽ ആദ്യം തയാറാക്കിയതും നിയമ വകുപ്പു തടസ്സമുന്നയിച്ചതിനെത്തുടർന്നു മാറ്റിയതുമായ ഫയൽ കൂടി അന്വേഷണ ത്തിന്റെ പേര് പറഞ്ഞു കൊണ്ടുപോവുകയായിരുന്നു. ഈ ഫയൽ സിബിഐയുടെ കൈകളിൽ എത്താതിരിക്കാനുള്ള ഒരു മറു മരുന്ന് പ്രയോഗമാണ് ഇക്കാര്യത്തിൽ നടന്നത്.
റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരാണാപത്രത്തിലേക്കുള്ള നടപടിക്രമങ്ങൾ അടങ്ങിയ ഫയലുകൾ ആണ്ആ മാറ്റിയിരിക്കുന്നത്. തദ്ദേശഭരണ വകുപ്പിൽ നിന്ന് അഡിഷനൽ ചീഫ് സെക്രട്ടറി കരടു ധാരണാപത്രം അടങ്ങുന്ന ഫയൽ നിയമ വകുപ്പിന്റെ പരിഗണനയ്ക്കു നൽകിയിരുന്നു. നിയമവകുപ്പിൽ സെക്ഷൻ ഓഫിസർ മുതൽ അതു പരിശോധിച്ചു മറുപടിയെഴുതിയിരുന്നതാണ്. കേന്ദ്ര സർക്കാരിന്റെ അനുമതിയുണ്ടോ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് മറുപടി എഴുതിയിരുന്ന ഫയൽ ആണ് മാറ്റപ്പെട്ടത്. ഈ ഫയൽ തിടുക്കപ്പെട്ടു തദ്ദേശഭരണ വകുപ്പു തിരിച്ചുവാങ്ങിയെന്നും, മറ്റൊരു ധാരണാപത്രം ഇതിനിടെ തദ്ദേശഭരണ വകുപ്പിലേക്ക് എത്തിയതായും പറയുന്നുണ്ട്. തദ്ദേശവകുപ്പിൽ നിന്നു ഈ ധാരണാപത്രമാണു ലൈഫ് മിഷൻ സിഇഒയ്ക്കു മുന്നിൽ ഒപ്പുവയ്ക്കാൻ വരുന്നത്.
വിജിലൻസ് കൊണ്ടുപോയ ഫയലിൽ രേഖപ്പെടുത്തിയിട്ടുള്ള നിയമവകുപ്പിന്റെ മറുപടി കേസിൽ നിർണായകമായ അവസ്ഥയിലാണ് ഫയൽ മാറ്റം നടന്നിരിക്കുന്നത്. റെഡ് ക്രസന്റുമായി ഒപ്പിട്ട ധാരാണാപത്രത്തിലേക്കു നയിച്ച നടപടിക്രമങ്ങൾ തദ്ദേശഭരണ മേധാവിയും ലൈഫ് മിഷൻ സിഇഒയും സിബിഐക്കു മുൻപിൽ വ്യക്തമാക്കേണ്ടി വരുമെന്ന സ്ഥിതിയിലാണിത്. ഫയലിൽ, തദ്ദേശഭരണ അഡിഷനൽ ചീഫ് സെക്രട്ടറിയുടെ കുറിപ്പിൽ റെഡ് ക്രസന്റ് നേരിട്ടു പദ്ധതി നടപ്പാക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ മന്ത്രിസഭയുടെ ഉത്തരവുണ്ടായിരുന്നുവോ, അതോ മറ്റാരുടെയെങ്കിലും രേഖാമൂലമുള്ള നിർദേശമാണോ ലഭിച്ചതെന്നതിലും സിബിഐ വ്യക്തത വരുത്തും.