CrimeKerala NewsLatest NewsLaw,Politics

ഫസല്‍ വധക്കേസ്: ആര്‍എസ്എസിന് പങ്കില്ലെന്ന് സിബിഐ

തലശേരി: ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് സിബിഐ. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴി പോലീസ് കസ്റ്റഡിയില്‍ പറയിപ്പിച്ചതാണെന്നും സിബിഐ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നില്‍ കൊടി സുനിയും സംഘവുമാണെന്നും കാരായി രാജനും ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

ഫസല്‍ വധക്കേസില്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സിബിഐ തുടരന്വേഷണം ആരംഭിച്ചത്. ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്നായിരുന്നു കോടതി ഉത്തരവ്. തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിന്റെ വധക്കേസില്‍ സിപിഎം അതുകൊണ്ടു തന്നെ പ്രതിസ്ഥാനത്ത് തുടരും. ഫസല്‍ വധക്കേസില്‍ തലശേരി മേഖലയിലെ പാര്‍ട്ടിയുടെ രണ്ട് പ്രമുഖ നേതാക്കള്‍ കുടുങ്ങിയത് അത്രമേല്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

2006 ഒക്ടോബര്‍ 22ന് തലശേരി സൈദാര്‍ പള്ളിക്കടുത്ത് ജഗന്നാഥ ക്ഷേത്രം റോഡില്‍ പുലര്‍ച്ചെ നാലുമണിക്കാണ് തേജസ് പത്രവിതരണത്തിനായി സൈക്കളില്‍ നല്ല കോരിച്ചൊരിയുന്ന മഴ സമയത്ത് പോകുമ്പോള്‍ മുഹമ്മദ് ഫസല്‍ കൊല്ലപ്പെടുന്നത്. ചെറിയ പെരുന്നാള്‍ ദിനത്തില്‍ നടത്തിയ അരുംകൊല തലശേരിയെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയ സംഭവങ്ങളിലൊന്നായിരുന്നു. ന്യുനപക്ഷ സമുദായങ്ങള്‍ക്കിടെയില്‍ ഏറെ ആശങ്കയും അരക്ഷിതാവസ്ഥയുമുണ്ടാക്കി.

തുടക്കത്തില്‍ തന്നെ ആര്‍.എസ്.എസിന്റെ തലയിടാനുള്ള വ്യഗ്രതയാണ് സിപിഎം കാണിച്ചത്. തലശേരി ഗസ്റ്റ് ഹൗസില്‍ ക്യാംപ് ചെയ്തിരുന്ന അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തലശേരി മോര്‍ച്ചറിയില്‍ ഫസലിന്റെ ചോരയുണങ്ങുന്നതിന് മുന്‍പെ തന്നെ ഓടിയെത്തി. സംഭവം നടന്ന് മണിക്കുറുകള്‍ പിന്നിടും മുന്‍പെ കൊലയ്ക്കു പിന്നില്‍ ആര്‍എസ്എസാണെന്നു യാതൊരു അന്വേഷണ റിപ്പോര്‍ട്ടും വരുന്നതിന് മുന്‍പെ കോടിയേരി തറപ്പിച്ചു പറഞ്ഞു.

2016 നവംബര്‍ 21നാണ് കൊലപാതകം നടത്തിയത് ആര്‍എസ്എസാണെന്ന വെളിപ്പെടുത്തലുമായി മാഹി ചെമ്പ്രയിലെ കുപ്പി സുബീഷെന്ന നിരവധി കേസുകളിലെ പ്രതിയുടെ മൊഴി പുറത്തു വരുന്നത്. എന്നാല്‍ സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥര്‍ തന്നെ തല്ലി പറയിപ്പിച്ചതാണെന്ന വാദവുമായി സുബീഷ് തന്നെ വീണ്ടും രംഗത്തുവരികയും മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കുകയും ചെയ്തു. മറ്റൊരു കേസില്‍ പിടിയിലായപ്പോഴാണ് ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സുബീഷ് മൊഴി നല്‍കിയത്.

ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന മൊഴി സുബീഷിനെ കസ്റ്റഡിയില്‍ വെച്ച് നിയമവിരുദ്ധമായി രേഖപ്പെടുത്തിയതാണെന്നും തങ്ങളുടെ ആദ്യ കുറ്റപത്രം ശരിവച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും സിബിഐ സംഘം പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഫസലിനെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊന്നതെന്ന നിലപാടില്‍ സഹോദരങ്ങളായ അബ്ദുറഹ്‌മാന്‍, സത്താര്‍ എന്നിവര്‍ കോടതിയില്‍ കക്ഷി ചേര്‍ന്നപ്പോഴും കൊന്നതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഭാര്യ മറിയു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button