സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്ന് സ്വപ്‌ന; മൊഴി പുറത്ത്

തിരുവനന്തപുരം: സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍ ഷാര്‍ജയില്‍ മിഡില്‍ ഈസ്‌റ്റ് കോളേജിന്റെ ശാഖ തുടങ്ങാന്‍ ഷാര്‍ജ ഭരണാധികാരിയുമായി അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നതായി സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി. തിരുവനന്തപുരത്തെ ലീലാ ഹോട്ടലില്‍വച്ചായിരുന്നു ഈ ചര്‍ച്ച. വാക്കാല്‍ ഷാര്‍ജ ഭരണാധികാരി നല്‍കിയ ഉറപ്പില്‍ ശ്രീരാമകൃഷ്‌ണന്‍ പിന്നീട് ഷാര്‍ജ സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നതായാണ് വിവരം. ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ക്രൈംബ്രാഞ്ചിനെതിരായി നല്‍കിയ ഹര്‍ജിയിലാണ് സ്വപ്‌നയുടെ നിര്‍ണായക മൊഴിയുളളത്.
ലഫീര്‍ എന്ന പൊന്നാനി സ്വദേശിയുടെ ഉടമസ്ഥതയിലുളള ഒമാനിലെ മിഡില്‍ ഈസ്‌റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ തുടങ്ങുന്നതിന് സൗജന്യ ഭൂമി ലഭിക്കുന്നതിനായിരുന്നു ഷാര്‍ജ ഭരണാധികാരിയുമായി സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍ ചര്‍ച്ച നടത്തിയത്. സ്‌പീക്കര്‍ക്കും ഈ സ്ഥാപനത്തില്‍ ഷെയറുളളതായാണ് പറയപ്പെടുന്നത്. സ്ഥാപനം ആരംഭിക്കുന്നതിന് യുഎഇയിലെ ഉദ്യോഗസ്ഥരെ സ്‌പീക്കര്‍ സന്ദര്‍ശിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്‌തതായാണ് സ്വപ്‌നയുടെ മൊഴി.
എന്നാല്‍ സ്വപ്‌നയുടെ ചോദ്യാവലിയുടെ രേഖയല്ലാതെ മറ്റ് തെളിവുകള്‍ ഇ.ഡി സമര്‍പ്പിച്ചിട്ടില്ല. ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന് പങ്കുണ്ടെന്നാണ് ഇ.ഡി മുന്‍പ് അറിയിച്ചത്. ഗള്‍ഫിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിക്ഷേപമായി സ്‌പീക്കര്‍ ഡോളര്‍ കൊടുത്തുവിട്ടു എന്നാണ് ഇ.ഡി പറയുന്നത്. എന്നാല്‍ ഈ കേസില്‍ സ്‌പീക്കറെ ഇതുവരെ ഇ.ഡിയ്‌ക്ക് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സ്‌പീക്കര്‍ക്ക് ഭരണഘടനാപരമായ സംരക്ഷണമുളളതാണ് ഇ.ഡിയ്‌ക്ക് തിരിച്ചടിയായത്. സ്‌പീക്കറുടെ ആവശ്യത്തിന് 2018 ഏപ്രിലില്‍ സ്വപ്‌ന ഒമാനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് എം.ശിവശങ്കറും ഇവിടം സന്ദര്‍ശിച്ചിരുന്നതായാണ് വിവരം.