സ്വപ്‌ന സുരേഷ് പുറത്തിറങ്ങിയേക്കും
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് ജയിലില്‍ നിന്നിറങ്ങിയേക്കും. എന്‍ഐഎ കേസില്‍ സ്വപ്‌നയുടെ ജാമ്യാപേക്ഷ 22ന് കോടതി പരിഗണിക്കുമ്പോള്‍ ജാമ്യം ലഭിക്കാനാണ് സാധ്യതയെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. കോഫെപോസ നടപടി ഹൈക്കോടതി റദ്ദാക്കിയതിനാല്‍ സ്വപ്‌നയ്ക്കു ജാമ്യം ലഭിക്കാന്‍ മറ്റു തടസങ്ങളൊന്നുമില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
മൂന്നാം പ്രതി സന്ദീപ് നായര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ഒന്നാം പ്രതി സരിത്തിന്റെ കോഫെപോസ നീട്ടുന്ന കാര്യത്തില്‍ കസ്റ്റംസ് ഇതുവരെ ശുപാര്‍ശ നല്‍കിയിട്ടുമില്ല. സ്വര്‍ണക്കടത്തിന് എന്‍ഐഎ ചാര്‍ജ് ചെയ്ത കേസില്‍ 10 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ എന്‍ഐഎ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി സ്റ്റേ ചെയ്തില്ല. സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ നിലനില്‍ക്കുമോ എന്ന നിയമപ്രശ്‌നം പിന്നീട് പരിശോധിക്കാമെന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്.
ഈ സാഹചര്യത്തില്‍ തനിക്ക് ജാമ്യം നല്‍കാതെ എന്‍ഐഎ മനപൂര്‍വം കേസ്‌നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് സ്വപ്‌നയുടെ വാദം. കേസില്‍ സ്വപ്‌നയുള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കാണ് ഇനിയും ജാമ്യം ലഭിക്കാനുള്ളത്. സെഷന്‍സ് കോടതി ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി കേസ് തള്ളിയാല്‍ സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി തനിക്കു നീതി നിഷേധിക്കുകയാണെന്നു കാട്ടി സ്വപ്‌നയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാനും സാധിക്കും.