CrimeKerala NewsLatest NewsLaw,NewsUncategorized

സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി

തിരുവനന്തപുരം: ഒടുവില്‍ സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി. 15 മാസത്തെ ജയില്‍ വാസത്തിനുശേഷമാണ് സ്വപ്‌ന പുറത്തിറങ്ങിയത്. സ്വര്‍ണക്കടത്തുക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന സ്വപ്‌ന ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പുറത്തിറങ്ങിയത്. സ്വപ്‌നയുടെ അമ്മ ജാമ്യ രേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി സൂപ്രണ്ടിന് കൈമാറി.

എന്‍ഐഎ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന സ്വപ്‌നയ്ക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആറു കേസുകളിലും സ്വപ്‌നയുടെ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്‍ഐഎ കേസുള്‍പ്പെടെ എല്ലാ കേസുകളിലും സ്വപ്‌നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തുകൊണ്ടാണ് ജയില്‍ നിന്നും പുറത്തിറങ്ങാനാകാഞ്ഞത്.

എന്‍ഐഎ കേസിലെ മറ്റ് ആറ് പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ഏഴു പ്രതികളില്‍ സ്വപ്‌നക്ക് മാത്രമാണ് ഇന്ന് പുറത്തിറങ്ങാന്‍ കഴിയുക. സ്വപ്‌നയുടെ മേല്‍ ചുമത്തിയ കൊഫെപോസ കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കസ്റ്റംസ്, ഇഡി കേസുകളില്‍ സ്വപ്‌നക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് സ്വപ്‌നക്ക് ജയിലില്‍ നിന്നു പുറത്തിറങ്ങാനുള്ള വഴി തെളിഞ്ഞത്. സരിത്, റിബിന്‍സ്, റമീസ് എന്നീ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.

എന്നാല്‍ ഇവരുടെ കോഫെപോസ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയില്ല. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരള രാഷ്ട്രീയത്തെ ആകെ പിടിച്ച് കുലുക്കിയ കേസാണ് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് പ്രതികള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പക്ഷേ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് എന്‍ഐഎയുടെ വാദങ്ങള്‍ നിരസിക്കുകയാണുണ്ടായത്.

ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന വസ്തുതകളും ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളും ഒന്നും തന്നെ പ്രതികള്‍ക്ക് തീവ്രവാദവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വപ്ന സുരേഷ്, പി.എസ്. സരിത്, കെ.ടി. റമീസ് എന്നിവരടക്കമുള്ള പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിലെ ഒരു കൂട്ടം പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ എന്‍ഐഎ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ഹൈക്കോടതി നല്‍കിയ രണ്ടാം സെറ്റ് ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ അന്വേഷണ സംഘം. പുറത്തിറങ്ങുന്ന സ്വപ്‌ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധം ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ എന്തു പ്രതികരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ന് രാവിലെ 11.30ഓടെയാണ് അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് സ്വപ്ന പുറത്തിറങ്ങിയത്. ജയിലിന് മുന്നില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകര്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചെങ്കിലും സ്വപ്ന ഒന്നും പ്രതികരിച്ചില്ല. ജയില്‍മോചിതയായാല്‍ മകള്‍ മാധ്യമങ്ങളെ കാണുമെന്ന് പ്രഭ സുരേഷ് രാവിലെ പ്രതികരിച്ചിരുന്നു.

തുടര്‍ന്ന് ഒരുമണിക്കൂറോളം കഴിഞ്ഞ് പ്രഭ സുരേഷിനൊപ്പം സ്വപ്ന ജയിലിന് പുറത്തേക്ക് വന്നെങ്കിലും ഒന്നും പ്രതികരിക്കാന്‍ തയ്യാറായില്ല. അമ്മയുടെ കൈപിടിച്ചാണ് സ്വപ്ന ജയില്‍ വളപ്പിന് പുറത്തേക്ക് വന്നത്. ഇരുവരും ബാലരാമപുരത്തുള്ള വീട്ടിലേക്കാണ് പോകുന്നതെന്നാണ് സൂചന. ഒരുപക്ഷേ, വീട്ടിലെത്തിയാല്‍ സ്വപ്ന മാധ്യമങ്ങളെ കാണാനുള്ള സാധ്യതയുണ്ട്. സുരക്ഷ പരിഗണിച്ച ജയില്‍ സൂപ്രണ്ട് ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസിന്റെ സുരക്ഷയും ഒരുക്കിയിരുന്നു. എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button