സ്വപ്ന സുരേഷിൻറെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടി കേരള പൊലീസ് ഡോ. ബാബാസാഹേബ് അംബേദ്ക്കർ സർവകലാശാലയ്ക്ക് കത്ത് നൽകി.

വിവാദമായ യു എ ഇ കോൺസുലേറ്റ് നയതന്ത്ര ബ്യാഗ്‌വഴി നടന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടി കേരള പൊലീസ് ഡോ. ബാബാസാഹേബ് അംബേദ്ക്കർ സർവകലാശാലയ്ക്ക് കത്ത് നൽകി. സ്വപ്നയുടെ ബി.കോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹിബ് അംബേദ്കർ സാങ്കേതിക സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവിധയിടങ്ങളിൽ ജോലിക്കായി സ്വപ്ന ഹാജരാക്കി താനുമായി അടുപ്പമുള്ളവരുടെ പിൻ ബലത്തിൽ ജോലി സമ്പാദിക്കുകയായിരുന്നു. ബി.കോം കോഴ്സ് ഇല്ലാത്ത സർവകലാശാലയുടെ പേരിലാണ് വ്യാജനെ സ്വപ്ന തട്ടികൂട്ടിയത്.
ബാബാസാഹേബ് അംബേദ്ക്കർ സർവകലാശാലയുടെ പേരിലുള്ള വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന ഐ.ടി വകുപ്പിൽ ജോലി നേടിയിരുന്നത്. ഇതിന് ഐ ടി സെക്രട്ടറി ശിവശങ്കരന്റെ സഹായമാണ് സ്വപ്ന തേടിയിരുന്നത്. ഇതു സംബന്ധിച്ച് ഐടി വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടി. എം.ഡി. നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. വിശ്വാസ വഞ്ചന നടത്തി ചതിയിലൂടെ ജോലി സമ്പാദിക്കണമെന്ന ഉദ്ദേശ്യത്തോടെ സ്വപ്ന വ്യാജരേഖ ചമച്ചെന്നാണ് എഫ്.ഐ.ആർ. രണ്ടാംപ്രതിയായി കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ കൂപ്പേഴ്സ്, മൂന്നാംപ്രതിയായി വിഷൻ ടെക്നോളജീസ് എന്നീ പേരുകളും എഫ്.ഐ.ആറിൽ പറയുന്നുണ്ട്.
അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് എൻ.ഐ.എ കോടതിയെ സമീപിക്കുകയാണ്. രാജ്യ ദ്രോഹ കുറ്റം ആരോപിക്കപ്പെടുന്ന കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെ പോലീസ് നടത്തുന്ന ഈ നീക്കം
സംശയങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്.