തക്ക സമയത്ത് ബുദ്ധിപൂർവമായ ഇടപെടലിലൂടെ കുഴഞ്ഞുവീണ ജീവനക്കാരിയെ രക്ഷപ്പെടുത്തി നായ
ജോലിയ്ക്കിടെ കുഴഞ്ഞുവീണ ജീവനക്കാരിയെ ഒരു നായ സമർഥമായി തക്കസമയത്തുതന്നെ രക്ഷപ്പെടുത്തി. ചൈനയിലെയൊരു പ്രദേശമായ ഹീലോംഗ്ജിയാങിൽ, വളർത്തുമൃഗങ്ങളെ പരിപാലിയ്ക്കുന്നതിനായുള്ള പെറ്റ് ഷോപ്പിലാണ് സംഭവം നടന്നത്. ട്രെഡ്മില്ലിൽ പരിശീലനത്തിലായിരുന്ന ഹസ്കിയെന്ന ഇനത്തിൽപ്പെട്ട അലാസ്ക എന്ന പേരുള്ള നായ പെട്ടെന്നാണ് കടയിലെ ജീവനക്കാരി കുഴഞ്ഞുവീഴുന്നത് കണ്ടത്.
ആ നിമിഷം തന്നെ ട്രെഡ്മില്ലിൽ നിന്നുമിറങ്ങുന്ന അലാസ്ക ബോധരഹിതയായിക്കിടക്കുന്ന യുവതിയെ കാൽകൊണ്ട് തട്ടി നോക്കുന്നു. അനക്കമില്ലെന്നു കണ്ടതും വാതിൽ തുറന്ന് പുറത്തേയ്ക്ക് പോയി സഹായത്തിനായി ഒരാളെ കൊണ്ടുവരുന്നു. ഭാഗ്യവശാൽ കടയുടമതന്നെയായിരുന്നു അത്. അയാൾ യുവതിയെ തന്റെ പുറകിലേറ്റി പുറത്തേയ്ക്ക് ഓടുന്നു. അതിനുശേഷം അലാസ്ക തന്റെ കൂട്ടാളിയുടെ കൂടെ വീണ്ടും തന്റെ പരിശീലനം തുടരുന്നതാണ് വീഡിയോ.
രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് കുറഞ്ഞതിനാലാണ് യുവതി ബോധരഹിതയായതെന്ന് ഡോക്ടർ അറിയിച്ചു. തക്ക സമയത്ത് വളരെ വിവേകപൂർവ്വം ഇടപെട്ട നായയുടെ പ്രവൃത്തി അതിശയകരമാണ്.